തൃക്കരിപ്പൂർ: വീടിന്റെ ചോർച്ച തടയാൻ ഫുട്ബോൾ ഫാൻസുകാർ സ്ഥാപിച്ച കൂറ്റൻ ഫ്ളക്സ് ചോദിച്ചെത്തിയ നിർധന കുടുംബാംഗങ്ങളെ കാണാൻ ജില്ലാ പോലീസ് മേധാവി ഡോ. എ. ശ്രീനിവാസ് എത്തി. ചോരുന്ന വീട് നവീകരിച്ചു നൽകുന്ന ജോലി ഏറ്റെടുത്ത ബീരിച്ചേരി ലൈവ് വാട്സ് ആപ് ഗ്രൂപ്പിലെ യുവാക്കൾ കുടുംബത്തെ താത്കാലികമായി ബീരിച്ചേരിയിലെ ക്വാർട്ടേഴ്സിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവിടെയെത്തിയ പോലീസ് മേധാവി കല്ലിങ്കൽ സലീമിന്റെയും ഭാര്യ സുബൈദയുടെയും ദുരിതങ്ങൾ ചോദിച്ചറിഞ്ഞു. ഇവരുടെ മക്കളുമായി സംസാരിച്ച് ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അറിയിച്ചു. മക്കളെ വിളിച്ചു വരുത്തി ഇരുവർക്കും സംരക്ഷണം ഉറപ്പ് വരുത്താൻ കാസർഗോഡ് വനിതാ സിഐയെ ചുമതലപ്പെടുത്തുകയും ചെയ്തു .