തൊടുപുഴ: ഒരാഴ്ചയായി കനത്തു പെയ്യുന്ന മഴയെതുടർന്ന് ജില്ലയിൽ കനത്ത നാശ നഷ്ടം. കേടികളുടെ നാശ നഷ്ടമാണ് കാർഷിക മേഖലയിലെ കെടുതികളിൽ ഉണ്ടായത്. മഴ ശക്തമായി തുടരുന്നതിനാൽ ജില്ലയുടെ പല ഭാഗങ്ങളും മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ ഭീഷണിയിലാണ്.
മഴയോടൊപ്പം ഉണ്ടാകുന്ന കാറ്റിനു തീവ്രത കുറവായിരുന്നതിനാൽ കാർഷിക മേഖലയിലെ കെടുതികളുടെ തോതു കുറഞ്ഞു. എങ്കിലും കാർഷിക മേഖലയിൽ ഏതാനും ദിവസങ്ങളായി പെയ്യുന്ന മഴയിൽ 21,52,64,650 രൂപയുടെ നാശ നഷ്ടമുണ്ടായതായാണ് ഒൗദ്യോഗിക കണക്ക്.
ഇതു വരെ കൃഷിവകുപ്പിൽ നിന്നും ജില്ലാ ഭരണകൂടത്തിന് ലഭിച്ച സ്ഥിതി വിവരക്കണക്കാണ് ഇത്. എന്നാൽ കാർഷിക മേഖലയിൽ സംഭവിച്ച് കൃഷി നാശത്തിന്റെ യഥാർഥ കണക്കുകൾ ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. വിവരശേഖരണം പൂർത്തിയായാൽ നഷ്ടത്തിന്റെ തോത് ഇനിയും ഉയരും.
മഴക്കെടുതികളിൽ 20 വീടുകൾ പൂർണമായും തകർന്നു. 40,70,000 രൂപയാണ് നഷ്ടമുണ്ടായിരിക്കുന്നത്. 397 വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സഭവിച്ചു. 69,74,000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞ ദിവസവും ജില്ലയിൽ നല്ല മഴ ലഭിച്ചു. ദേവികുളം താലൂക്കിലാണ് കൂടുതൽ മഴ ലഭിച്ചത്. 101.2 മില്ലിമീറ്റർ.
ഉടുന്പൻചോല 43.2, പീരുമേട് 89, തൊടുപുഴ 48, ഇടുക്കി 62.2 എന്ന തോതിലാണ് മഴ ലഭിച്ചത്. ഇടുക്കി അണക്കെട്ടിൽ ഇന്നലെ ജലനിരപ്പുയർന്ന് 2362.68 അടിയായി. മുല്ലപ്പെരിയാർ അണക്കെട്ടിൽ 125.4 അടിയായി ജലനിരപ്പുയർന്നു.
ഇതിനിടെ മഴ നീളുന്നതിനാൽ ജില്ലയിൽ ഉരുൾപൊട്ടൽ സാധ്യത ഉയർന്നു.
കഴിഞ്ഞ ദിവസം മൂലമറ്റം ഇലപ്പള്ളിയിലും വട്ടവട കൊട്ടാക്കന്പൂരിലും ഉരുൾ പൊട്ടിയിരുന്നു. കേരളത്തിൽ ഏറ്റവുമധികം ഉരുൾപൊട്ടൽ സാധ്യതയുള്ള ജില്ല ഇടുക്കിയാണെന്നാണ് ഭൗമശാസ്ത്ര പഠന കേന്ദ്രത്തിന്റെ കണ്ടെത്തൽ. ജില്ലയിലെ 80 ശതമാനം പ്രദേശവും ഏതുസമയത്തും വൻ പ്രകൃതിദുരന്തമുണ്ടായേക്കാവുന്ന മേഖലയിലാണെന്നാണ് കണക്കുകൂട്ടൽ.
ജില്ലയിൽ ആകെയുള്ള 64 വില്ലേജുകളിൽ 57 വില്ലേജുകളും ഉരുൾപൊട്ടൽമേഖലയിലാണ്. ഇതിൽ 47 വില്ലേജുകളിൽ പല ഭാഗത്തും ഏതു സമയത്തും ഉരുൾപൊട്ടൽ ഉണ്ടാകാവുന്ന മേഖലകളിലാണ്.