ചേർത്തല: വ്യാജ മുക്ത്യാർ ചമച്ച് ബിന്ദു പത്മനാഭന്റെ വസ്തു തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ച കേസിന്റെ അന്വേഷണത്തിനായി മുഖ്യപ്രതി സി.എം സെബാസ്റ്റ്യൻ,തമിഴ്നാട് സ്വദേശി സി.ഷണ്മുഖം എന്നിവരെ അഞ്ച് ദിവസത്തേക്ക് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.
വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ഇരുവരെയും കസ്റ്റഡിയിൽ വേണമെന്ന കുത്തിയതോട് സിഐയുടെ അപേക്ഷയിലാണ് ചേർത്തല കോടതി ഇവരെ 17 വരെ കസ്റ്റഡിയിൽ വിട്ടത്. വ്യാജ മുക്ത്യാർ ചമച്ച് വസ്തു തട്ടിയെടുത്ത കേസിൽ നേരത്തെ ചേർത്തല ഡിവൈഎസ്പിയുടെ കസ്റ്റഡിയിലായിരുന്ന സെബാസ്റ്റ്യനെ ഇന്നലെ കോടതിയിൽ തിരികെ നൽകിയപ്പോഴാണ് കുത്തിയതോട് സിഐ ഇയാളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടത്.
സെബാസ്റ്റ്യന്റെ വീട്ടിലും ഇന്ന് പരിശോധന നടത്തും. വ്യാജ എസ്എസ്എൽസി ബുക്കുമായി ബന്ധപ്പെട്ടും ചോദ്യം ചെയ്യലുണ്ടാവും. അതേസമയം വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ച ഷണ്മുഖവുമായി പോലീസ് സംഘം ഇന്ന് മേട്ടുപാളയത്തേക്ക് പോകും.
ഇവിടെയാണ് ഇയാൾ വ്യാജ ഡ്രൈവിങ് ലൈസൻസുകൾ നിർമിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഈ കേസുമായി ബന്ധ്പ്പെട്ട് ഇതുവരെ 11 പേരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി ടി.മിനിയും കൂട്ടുപ്രതികളായ തങ്കച്ചൻ, ഷാജി ജോസഫ് എന്നിവരും ഇപ്പോൾ റിമാൻഡിലാണ്. അതേസമയം ആധാരത്തിന് സാക്ഷികളായ ഗോപിനാഥമേനോൻ, ഷിൽജി കുര്യൻ, പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച നാല് പേർ എന്നിവർ ജാമ്യത്തിലുമാണ്.