മംഗലംഡാം: കാലവർഷത്തിൽ മംഗലംഡാമിൽനിന്നും പാഴാക്കി കളയുന്നത് മറ്റൊരു ഡാം നിറയ്ക്കാനുള്ള വെള്ളം. ഡാമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഈവർഷം ജൂണ് 14ന് ഡാം നിറഞ്ഞ് അധികജലം പുഴയിലേക്ക് ഒഴുക്കി പാഴാക്കുകയാണ്. ഇനി മഴക്കാലം അവസാനിക്കുംവരെ മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കും.
മറ്റൊരു ഡാം നിറയ്ക്കാനുള്ള വെള്ളം ഓരോ മഴക്കാലത്തും ഡാമിൽനിന്നും പാഴാക്കി കളയുന്നുണ്ടെന്നാണ് കണക്ക്. വേനലിൽ അമൃതായി മാറുന്ന വെള്ളം തടഞ്ഞുനിർത്തി പ്രയോജനപ്പെടുത്താൻ നടപടിയെടുക്കുന്നില്ലെന്നത് കർഷകരെ വേദനിപ്പിക്കുന്ന കാഴ്ചയാണ്.വെള്ളം പാഴാക്കരുത്, അത് അമൃതാണ്, ജീവവായുവാണ് എന്നൊക്കെ വാചാലരാകുന്നവർ ഇതൊന്നും കാണുന്നില്ല. അല്ലെങ്കിൽ കോരിച്ചൊരിയുന്ന മഴക്കാലത്ത് ജലസംരക്ഷണത്തിന് പ്രസക്തിയില്ലെന്ന മുടന്തൻന്യായങ്ങളാകും ജലസംരക്ഷകർക്കുള്ളത്.
മംഗലംപുഴയിൽ നാലോ അഞ്ചോ കിലോമീറ്റർ ഇടവിട്ട് തടയണകൾ നിർമിച്ചിരുന്നെങ്കിൽ എത്രയോ വെള്ളം വേനലിലേക്ക് കരുതിവയ്ക്കാമായിരുന്നു. അതുവഴി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.ഇപ്പോൾ മഴക്കാലം കഴിയുന്നതോടെ പുഴവറ്റുന്ന സ്ഥിതിയാണ്. നിർമാണത്തിലെ അപാകതമൂലം നേരത്തെ പുഴയിൽ നിർമിച്ചിരുന്ന തടയണകളെല്ലാം തകർന്ന് കോണ്ക്രീറ്റ് കൂട്ടങ്ങളായി മാറി.
മംഗലംഡാം സ്രോതസാക്കി നാലു പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും പദ്ധതി കമ്മീഷൻ ചെയ്യാൻ എത്രവർഷം എടുക്കുമെന്ന് കണ്ടറിയേണ്ടിവരും. 1958-ൽ വെറും 98 ലക്ഷം രൂപയ്ക്ക് അന്നത്തെ മദിരാശി സർക്കാർ നിർമിച്ചതാണ് മംഗലംഡാം.
എന്നാൽ ഡാമിലെ കുടിവെള്ളപദ്ധതിക്കായി ഇപ്പോൾ ചെലവു കണക്കാക്കിയിട്ടുള്ളത് 140 കോടി രൂപയാണ്. മംഗലംഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള ചെളിനീക്കം ചെയ്യുന്ന പ്രവൃത്തികളുടെ ടെണ്ടർ ഓഗസ്റ്റിൽ നടക്കുമെന്നാണ് കഴിഞ്ഞദിവസം കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനത്തിന് എത്തിയ ജലവിഭവമന്ത്രി മാത്യു ടി.തോമസ് പറഞ്ഞത്.
ചെളിനീക്കുന്നതിനൊപ്പം അണക്കെട്ടിന്റെ ഉയരം രണ്ടുമീറ്ററെങ്കിലും വർധിപ്പിച്ചാൽ മഴക്കാലത്തെ ജലനഷ്ടം കുറയ്ക്കാനാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.കാലവർഷത്തിൽ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ രണ്ടായിരം മുതൽ 2500 മില്ലിമീറ്റർവരെ മഴ ലഭിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്.
എന്നാൽ ഇതിൽ പകുതിപോലും വെള്ളം സംഭരിക്കാനുള്ള ശേഷി മംഗലംഡാമിനില്ല. ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്ന് ഒരുദിവസം പാഴാക്കുന്ന വെള്ളം ഇരുപതുദിവസത്തെ ജലസേചനത്തിനുള്ള വെള്ളത്തിനു തുല്യമാണെന്നാണ് പരിശോധനാ റിപ്പോർട്ടുകൾ പറയുന്നത്.