കൊല്ലം: അഷ്ടമുടി കായല്‍ മലിനമാകുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ച് പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് 15 ദിവസത്തിനകം സമര്‍പ്പിക്കാന്‍ നിയമസഭാ പരിസ്ഥിതി സമിതി നിര്‍ദേശിച്ചു. മുല്ലക്കര രത്നാകരന് എംഎല്‍എ അധ്യക്ഷനായ സമിതി ഇന്നലെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തിയശേഷം കായലിന്റെ വിവിധ മേഖലകളില്‍ സന്ദര്‍ശനവും നടത്തി. എംഎല്‍എമാരായ പി.ടി.എ റഹിം, കെ. ബാബു, കെ.വി. വിജയദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സിറ്റിംഗില്‍ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍ കായലിന്റെ അവസ്ഥ സംബന്ധിച്ച തെളിവുകള്‍ സമിതിക്ക് നല്കി. വിവിധ മേഖലകളില്‍ കായലില്‍ മാലിന്യം തള്ളുന്നതിനെക്കുറിച്ചുള്ള പരാതികളാണ് പ്രധാനമായും ഉയര്‍ന്നത്. കായലില്‍ അറവ് മാലിന്യം കണ്ടെത്തിയതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ അറിയിച്ചു. പരാതികള്‍ പരിഗണിച്ച് കര്‍ശന പരിശോധനയും കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടിയും സ്വീകരിക്കണമെന്ന് സമിതി നിര്‍ദേശിച്ചു.
എല്ലാ വകുപ്പുകളും ചേര്‍ന്നുള്ള പ്രവര്‍ത്തനം സജീവമാക്കണം. കായലിലെ മണലെടുപ്പ്, മത്സ്യസമ്പത്ത് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ശാസ്ത്രീയമായി ശേഖരിക്കണം. വഞ്ചിവീടുകളില്‍ നിന്നുള്ള മാലിന്യം കായലില്‍ തള്ളുന്നത് തടയുന്നതിന് ബയോ ടോയ്ലെറ്റ് ഉപയോഗം നിര്‍ബന്ധമാക്കിയതായി വിനോദസഞ്ചാര വകുപ്പ് പ്രതിനിധികള്‍ അറിയിച്ചു. അറവുശാലകളില്‍ നിന്നുള്ള മാലിന്യ നിക്ഷേപം നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചതായി കോര്പറേഷന് അധികൃതര്‍ വ്യക്തമാക്കി.
സമിതിയംഗങ്ങള്‍ പെരുമണ്‍, പ്രാക്കുളം, സാമ്പ്രാണിക്കോടി, കോയിവിള, അരിനല്ലൂര്‍, പട്ടകടവ് പ്രദേശങ്ങളിലൂടെ ബോട്ട് യാത്ര നടത്തി കായലിന്റെ അവസ്ഥ വിലയിരുത്തി. മണ്ട്രോതുരുത്തിലും നീണ്ടകരയിലും പരിശോധന നടത്തി. തെളിവെടുപ്പിന്റേയും പരിശോധനയുടെയും അടിസ്ഥാനത്തില്‍ ജില്ലാതലത്തില്‍ ലഭ്യമാക്കുന്ന റിപ്പോര്‍ട്ട് പഠിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കുമെന്ന സമിതി ചെയര്മാന് മുല്ലക്കര രത്നാകരന് അറിയിച്ചു.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. അനില്‍, മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്, എഡിഎം. ബി. ശശികുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ എസ്. ഇലക്കിയ, റൂറല്‍ പോലീസ് സൂപ്രണ്ട് ബി. അശോകന്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. രാജ്കുമാര്, ഡിടിപിസി സെക്രട്ടറി സന്തോഷ്, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍മാരായ എ. പ്രതീപ് കുമാര്‍, സര്‍ജു പ്രസാദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.വി. ഷേര്‍ളി തുടങ്ങിയവര്‍ പങ്കെടുത്തു