പേരാവൂർ: പേരാവൂർ – തലശേരി സംസ്ഥാനപാതയിൽ നെടുംപൊയിൽ വാരപ്പീടികയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വൈദ്യുത പോസ്റ്റ് പൊട്ടി വീണ് ഒരാൾക്ക് പരിക്കേറ്റു. കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന മണത്തണ അണുങ്ങോട് സ്വദേശി സിബിക്കാണ് നിസാര പരിക്കേറ്റത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്നു പുലർച്ചെ ആറോടെയായിരുന്നു അപകടം.
അപകടത്തെതുടർന്ന് സമീപത്തെ അഞ്ച് പോസ്റ്റുകളും ഹൈടെൻഷൻ ലൈനും പൊട്ടിയതിനെ തുടർന്ന് പേരാവൂർ, കേളകം മേഖലയിൽ വൈദ്യുതി മുടങ്ങി. പേരാവൂർ – തലശേരി പാതയിൽ ഒരു മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു.
അടിഭാഗം ദ്രവിച്ച മരം ഒടിഞ്ഞ് വൈദ്യുതി ലൈനിൽ വീണതിനെ തുടർന്ന് പോസ്റ്റ് പൊട്ടി കാറിന് മുകളിൽ പതിക്കുകയായിരുന്നു. കാറിന്റെ ബോണറ്റിനു മുകളിലാണ് പോസ്റ്റ് വീണത്.
പരിക്കേറ്റ സിബി തലശേരി ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കുശേഷം വിമാനത്താവളത്തിലേക്ക് യാത്രതുടർന്നു. പേരാവൂർ ഫയർഫോഴ്സും പോലീസും കെഎസ്ഇബി അധികൃതരും നാട്ടുകാരും ചേർന്ന് മരവും റോഡിലേക്ക് വീണ പോസ്റ്റുകളും നീക്കിയ ശേഷം രാവിലെ 7:15 ഓടെ ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനു സമീപം രണ്ടുദിവസം മുന്പ് മരങ്ങളും മൺതിട്ടയും വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.