ഫുട്ബോൾ ലോകകപ്പിൽ തോൽവിയുടെ രുചിയറിഞ്ഞ ബ്രസീലിനെ പരിഹസിച്ചവരെ കരഞ്ഞുകൊണ്ട് വിരൽ തുമ്പിൽ നിർത്തിയ ബാലനായിരുന്നു സാമൂഹ്യമാധ്യമങ്ങളിലെ താരം. സംഭവം ഹിറ്റായതോടെ ഈ ബാലന് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവസംവിധായകൻ അനീഷ് ഉപാസന രംഗത്തെത്തിയിരുന്നു.
ഇവനെയൊന്ന് തപ്പിയെടുത്ത് തരാമോ? പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് എന്നായിരുന്നു രസകരമായ വീഡിയോ പങ്കുവെച്ച് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോഴിതാ സോഷ്യൽമീഡിയായുടെ ഇടപെടലിൽ ഈ കൊച്ചു മിടുക്കനെ കണ്ടെത്തിയിരിക്കുകയാണ് അദ്ദേഹം.
എറണാകുളം പുത്തൻവേലിക്കര കുത്തിയ റോഡ് സ്വദേശിയായ ഡേവിസിന്റെയും സിനിയുടെയും മകനായ ഈ കുട്ടി ചിന്തുവെന്ന വിളിപ്പേരിലറിയപ്പെടുന്ന എവിൻ ഡേവിസ് ആണ്. പറവൂർ ഇൻഫന്റ് ജീസസ് സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ് എവിൻ. ലോകകപ്പ് മത്സരം ആരംഭിച്ചപ്പോൾ മുതൽ എവിനും സഹോദരൻ നാലാം ക്ലാസ് വിദ്യാർഥിയായ എഡ്വിനും പിതൃസഹോദര മക്കളായ ജിത്തുവും ജോണുമെല്ലാം ഒരോ മത്സരവും കാണുമായിരുന്നു.
അർജന്റീന ആരാധകനായ എഡ്വിനാണ് ബ്രസീലിന്റെ കാര്യം പറഞ്ഞ് എവിനെ പ്രകോപിപ്പിച്ചത്. കളിയാക്കിയവരോട് എവിൻ കരഞ്ഞ് കൊണ്ട് ക്ഷോഭിക്കുന്ന ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയായിൽ പങ്കുവെച്ചതും ഈ സഹോദരങ്ങൾ തന്നെ.
പിന്നീട് ഈ സംഭവം സോഷ്യൽമീഡിയ ഏറ്റെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ അനീഷ് ഉപാസനയുടെ ശ്രദ്ധയിൽപെട്ടപ്പോൾ എവിന്റെ ജീവിതത്തിൽ ഇതൊരു വഴിത്തിരിവാകുകയായിരുന്നു. മധുരക്കിനാവിൽ മികച്ച വേഷം തന്നെ നൽകുമെന്ന് അനീഷ് ഉപാസന അറിയിച്ചു.