കോട്ടയം: ജെസ്നയുടെ തിരോധാനത്തിൽ അന്വേഷണം മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും കേന്ദ്രീകരിക്കുന്നു. ജെസ്നയ്ക്കു ലഭിച്ചതും ജെസ്ന സംസാരിച്ചതുമായ ഫോണ് സംഭാഷണങ്ങൾ വീണ്ടെടുത്തതിന്റെ അടിസ്ഥാനത്തിൽ ആറു പേരാണ് നിരീക്ഷണത്തിലുള്ളത്.
ജെസ്നയെ കാണാതായ മാർച്ച് 22, 23 തീയതികളിൽ മുണ്ടക്കയത്തെ ഏതാനും യുവാക്കൾ നടത്തിയ സംഭാഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ അന്വേഷണം. ഇവരിൽ മൂന്നു പേർ ഒരു രാഷ്ട്രീയ പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ്.
മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, ചോറ്റി, കരിനിലം പ്രദേശങ്ങളിൽ ഇവർക്ക് അടുപ്പമുള്ളവരുടെയും ഫോണ് സംഭാഷണങ്ങൾ വീണ്ടെടുക്കാൻ പോലീസ് നീക്കം നടത്തുകയാണ്. രണ്ടു ദിവസമായി പോലീസ് മഫ്തിയിൽ ഈ പ്രദേശങ്ങളിൽ നിരീക്ഷണങ്ങൾ നടത്തിവരികയാണ്. കോസടി, മടുക്ക, മൂലക്കയം പ്രദേശങ്ങളിൽ ഇന്നലെ പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
ജെസ്നയുടെ സുഹൃത്തായ സഹപാഠിയെ മാർച്ച് 21ന് ജെസ്ന ഏഴു തവണ വിളിച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ ബികോം ബിരുദത്തിനു ചേർന്നശേഷം ഇവർ തമ്മിൽ ആയിരത്തിലേറെ തവണ സംസാരിച്ചിട്ടുണ്ട്.
ഇവരുടെ സൗഹൃദത്തെ ചിലർ താക്കീതു ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാണു മറ്റുള്ളവരിലേക്കും അന്വേഷണം നീളുന്നത്. കേസിലെ സുപ്രധാനമായ നീക്കങ്ങളുടെ ഭാഗമായി ഫോണ് സംഭാഷണം തെളിവായെടുത്ത് ഏതാനും പേരെ വീണ്ടും ചോദ്യം ചെയ്തേക്കും.