തിരുവനന്തപുരം: നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നവർ ശ്രദ്ധിക്കുക. വരുന്ന ഒരാഴ്ച നഗരത്തിൽ പോലീസ് ശക്തമായ രീതിയിൽ വാഹന പരിശോധന നടത്തി കുറ്റക്കാർക്കതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആർ. ആദിത്യ അറിയിച്ചു.
വർധിച്ച് വരുന്ന ട്രാഫിക് അപകടങ്ങൾ കുറയ്ക്കാൻ പരിശോധന ശക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ട്രാഫിക് അപകട റിവ്യൂ കമ്മറ്റിയിൽ എടുത്തതാണ് ഈ തീരുമാനം.
ഓരോ ദിവസവും ഓരോ നിയമലംഘനങ്ങള്‍ കേന്ദ്രീകരിച്ചാവും പോലീസിന്റെ വാഹന പരിശോധന. മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കതിരെ കേസെടുത്ത് ലൈസൻസ് റദ്ദാക്കാന്‍ ശുപാർശ ചെയ്യും.
ഇവരുടെ വാഹനം കോടതിയില്‍ ഹാജരാക്കി കോടതി മുഖന്തിരമേ ഉടമക്ക് വിട്ടു നല്‍കൂ. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നവർക്കും, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുന്നവരെയും പ്രത്യേകം പിടികൂടി ഫൈൻ ചുമത്തും.
പിഴ ഒടുക്കിയില്ലെങ്കിൽ കോടതി നടപടി നേരിടേണ്ടിവരുമെന്നും ഡിസിപി മുന്നറിയിപ്പ് നൽകി. അമിത വേഗതയിൽ വാഹനം ഓടിക്കുന്നവരെ സ്പീഡ് റഡാർ ഉപയോഗിച്ച് പിടികൂടും. പോലീസ് സ്ഥാപിച്ചിട്ടുള്ള സിസിടിവി കാമറ വഴിയും ട്രാഫിക് നിയമം ലംഘിക്കുന്നവരെ കണ്ടെത്തും.
പരിശോധനയിൽ വാഹനങ്ങളുടെ ക്ഷമതയും പരിശോധിക്കും. റിയർവ്യൂ ഗ്ലാസ്, വൈപ്പർ, ഇൻഡിക്കേറ്റർ, ബ്രേക്ക് ലൈറ്റ് തുടങ്ങിയവ പ്രവർത്തിക്കാൻ കഴിയാതെ വന്നാൽ വാഹന ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡിസിപി അറിയിച്ചു.
ട്രാഫിക് സിഗ്നൽ ലംഘിക്കുന്നവർ, കാൽനടയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കാൻ ഉപയോഗിക്കുന്ന സീബ്ര ലൈനിൽ വാഹനം നിറുത്തുന്നവർ, ഇടത് വശത്തികൂടി ഓവർടേക്ക് ചെയ്യുന്നവരെയും പ്രത്യേകം പിടികൂടുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു.