കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ വ്യാജസന്ദേശങ്ങളും തീവ്രവാദ പ്രവർത്തനവും നടത്തുന്നവർക്കെതിരേ കർശന മുന്നറിയിപ്പുമായി കേരള പോലീസ്. വ്യാജ പ്രൊഫൈലുകൾ നിർമിച്ച് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്ന സാമൂഹികവിരുദ്ധർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും മായ്ച്ചുകളഞ്ഞാലും ഡിജിറ്റൽ തെളിവുകൾ വീണ്ടെടുക്കാനാവുമെന്നുമാണ് പോലീസ് സൈബർ ക്രൈം വിഭാഗത്തിന്റെ മുന്നറിയിപ്പ്.
കേരള പോലീസിന്റെ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ച മുന്നറിയിപ്പ് ഇങ്ങനെ. ‘‘സൈബർ ലോകം പരകായപ്രവേശം നടത്താനുള്ള ഇടമായി തെറ്റിദ്ധരിക്കുന്നവർ അറിയാൻ: സൈബർ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ പലരും ( എല്ലാവരുമല്ല ) സ്വയം അതിമാനുഷരാണെന്നാണ് കരുതുന്നത്.
വ്യാജ പ്രൊഫൈലുകൾ വഴി വ്യക്തിഹത്യ നടത്തുക, അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങളും വ്യാജ വാർത്തകളും മതസ്പർധ ഉളവാക്കുന്നതും തീവ്രവാദ സ്വഭാവമുള്ളതുമായ സന്ദേശങ്ങളും മറ്റും പ്രചരിപ്പിക്കുക തുടങ്ങിയ പ്രവണതകൾ ഏറിവരുന്നതായി കണ്ടുവരുന്നു. സ്വഭാവ വൈകല്യം, സാമൂഹികവിരുദ്ധ വ്യക്തിത്വം തുടങ്ങിയ മനോവൈകല്യങ്ങളുള്ളവരാണ് പൊതുവേ ഇത്തരം പ്രവണതകള്‍ പുറത്തെടുക്കാറുള്ളത്.
ഇതിനൊക്കെ ഇരയാവുന്നവരിലാകട്ടെ വിഷാദം, ആത്മഹത്യാപ്രവണത തുടങ്ങിയ പ്രശ്നങ്ങള്‍ രൂപപ്പെടുകയും ചെയ്യാം. പിടിക്കപ്പെടില്ലെന്നോ തെളിവുണ്ടാകില്ലെന്നോ ഒക്കെയുള്ള മിഥ്യാധാരണകളാണ് ഇത്തരക്കാർക്ക് ഇതിനു ധൈര്യം കൊടുക്കുന്നത്.
എന്നാൽ ഒന്നോർക്കുക, ഡിജിറ്റൽ തെളിവുകൾ മായ്ച്ചു കളയാൻ ഇത് ചെയ്യുന്നവർക്ക് ആകില്ല. തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടുമെന്നർഥം. നല്ലൊരു സൈബർസംസ്കാരം വളർത്തിയെടുക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. കേരള പോലീസ് എന്നും ജനങ്ങൾക്കൊപ്പമാണ്.”