മോസ്കോ: ലുഷ്നിക്കിയിലെ പുൽക്കൊടികൾ ഫ്രഞ്ച് തേരോട്ടത്തിന് പരവതാനി വിരിച്ചപ്പോൾ നിറകണ്ണുകളോടെ അതു നോക്കി നിൽക്കുന്നുണ്ടായിരുന്നു ക്രോയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിടാരോവിച്ച്. ഈ ലോകകപ്പിൽ ക്രോട്ടുകളുടെ അവിസ്മരണീയ കുതിപ്പുകളിൽ ഏറ്റവും കൂടുതൽ ആഹ്ലാദിച്ചതാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളു കോളിൻഡ.
ക്രൊയേഷ്യ ഫൈനലിലെത്തിയ നിമിഷം കൊച്ചുകുട്ടികളെപ്പോലെ വിഐപി ഗാലറിയിൽ തുള്ളിച്ചാടിയാണ് കോളിൻഡ സന്തോഷം പ്രകടിപ്പിച്ചത്. മത്സരശേഷം ടീമിന്റെ ഡ്രസിംഗ് റൂമിലെത്തിയ അവർ താരങ്ങളെയും കോച്ചിനെയും അകമഴിഞ്ഞ് പ്രശംസിച്ചു.
ഫൈനലിൽ മികച്ച കളി പുറത്തെടുക്കണമെന്ന് പ്രചോദിപ്പിച്ചു. ഫ്രാൻസിസ് മാർപ്പാപ്പയ്ക്കും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ക്രൊയേഷ്യയുടെ ജേഴ്സി കൈമാറിയ കോളിൻഡ തന്റെ രാജ്യം കപ്പ് നേടിയാൽ എതിരാളികളായ ഫ്രാൻസിന്റെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനും ജേഴ്സി നൽകുമെന്ന് പറഞ്ഞിരുന്നു.
ക്രോയേഷ്യൻ പ്രസിഡന്റായതുകൊണ്ട് മാത്രമല്ല താൻ ഇത്രയേറെ ആഹ്ലാദഭരിതയാകുന്നതെന്നും കുട്ടിക്കാലം മുതൽ തന്റെ രാജ്യത്തിന്റെ ഫുട്ബോളിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു താനെന്നും പറഞ്ഞ കോളിൻഡയ്ക്ക് ഫൈനലിലെ തോൽവി നൽകിയ നിരാശ എത്രത്തോളമാണെന്ന് പുരസ്കാര ദാന ചടങ്ങിന് അവരെത്തിയപ്പോൾ വ്യക്തമായി.
ഗോൾഡൻ ബൂട്ട് നേടിയ ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ചിനെ ആലിംഗനം ചെയ്തപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരോ ക്രൊയേഷ്യൻ ആരാധകന്റെ നെഞ്ചുതുളയ്ക്കുന്ന വിതുമ്പലായിരുന്നു അത്.
മെഡൽ ഏറ്റുവാങ്ങാനെത്തിയ അവസാന താരത്തെയും ചേർത്തു നിർത്തി “നന്നായി കളിച്ചു’ എന്ന് പറഞ്ഞ് ആശ്വപ്പിക്കുമ്പോൾ, സ്വന്തം കണ്ണുകളിൽ നിന്ന് ഉതിർന്ന കണ്ണീർ മറയ്ക്കാൻ പാടുപെട്ടപ്പോൾ… ഒരുപക്ഷേ ഓരോ ഫുട്ബോൾ ആരാധകനും പറഞ്ഞിട്ടുണ്ടാകും “ലോകകപ്പിനെത്തിയ ടീമുകളിൽ ഒരു രാജ്യത്തിനുമുണ്ടാകില്ല ഇത്രയേറെ പിന്തുണച്ച, ഒപ്പം നടന്ന ഒരു ഭരണാധികാരി’ എന്ന്……