ന്യൂഡൽഹി: രാജ്യ തലസ്ഥാനം വീണ്ടും പീഡനവാർത്തയുടെ നാണക്കേടിൽ തലകുനിക്കുന്നു. വനിതാ അഭിഭാഷകയെ മുതിർന്ന അഭിഭാഷകൻ പീഡിപ്പിച്ചതാണ് പുതിയ സംഭവം. ഡൽഹിയിലെ സാകേത് കോടതിയിലെ അഭിഭാഷകനാണ് തന്‍റെ ജൂനിയറായി സേവനമനുഷ്ഠിക്കുന്ന അഭിഭാഷകയെ പീഡിപ്പിച്ചത്.
ശനിയാഴ്ച, രാത്രിയാണ് വനിതാ അഭിഭാഷക പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് തന്നെ സീനിയർ അഭിഭാഷകൻ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിപ്പെട്ടത്. ഇവർ ജോലി ചെയ്യുന്ന ഓഫീസ് മുറിയിൽ വച്ചാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ടനിലയിലായിരുന്നു സീനിയറെന്നും യുവതി പരാതിയിൽ വ്യക്തമാക്കി.
പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് അഭിഭാഷകനെ അറസ്റ്റ് ചെയ്യുകയും ഓഫീസ് സീൽ ചെയ്യുകയും ചെയ്തു. ഇവിടെ പോലീസും ഫോറൻസിക്-വിരലടയാള വിദഗ്ധരും പരിശോധന നടത്തി. യുവതിയുടെ മൊഴി രേഖപ്പെടുത്തിയെന്നും അറസ്റ്റ് ചെയ്ത അഭിഭാഷകനെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അധികൃതർ അറിയിച്ചു.