കുമരകം: അമിത വൈദ്യുതി പ്രവാഹത്തിൽ തിരുവാർപ്പ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ തീപിടിച്ചു. ഇന്നലെ രാത്രി 7.45നാണു സംഭവം. അമിത വോൾട്ടേജ് മൂലം തിരുവാർപ്പ് പ്രദേശങ്ങളിലെ നിരവധിവീടുകളിലെ ഗൃഹോപകരണങ്ങളും കത്തി നശിച്ചു. ആരോഗ്യകേന്ദ്രത്തിന്റെ ഫാർമസി സ്റ്റോർ റൂമിലെ എസി ഇൻവേർട്ടർ പൊട്ടിത്തെറിച്ചതാണു തീ പിടിക്കാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പതിനായിരക്കണക്കിന് രൂപയുടെ നാശം കണക്കാക്കുന്നു. ഫാർമസിയിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം മരുന്നുകളും ഉപയോഗശൂന്യമായി. ഇലക്ട്രോണിക്ക് ഉപകരണങ്ങൾ തകരാറിലായി. പഞ്ചായത്തംഗം പി.എം. മണി, ആർ.വി. സന്തോഷ്, ജീവനക്കാരനായ വേണുക്കുട്ടൻ, അനിൽ തട്ടാംപറന്പിൽ എന്നിവരുടെ നേതൃത്വത്തിലാണു തീ അണയ്ക്കാനുള്ള ആദ്യ ശ്രമങ്ങൾ നടന്നത്. തുടർന്ന് കോട്ടയത്ത് നിന്നും എത്തിയ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീ പൂർണമായും അണച്ചു.
പ്രദേശത്തെ വീടുകളിലെ 75 ട്യൂബ് ലൈറ്റുകൾ, അഞ്ച് ഫ്രിഡ്ജുകൾ, 20 ടിവികൾ, ഒരു ഫോട്ടോ സ്റ്റാറ്റ് മെഷീൻ എന്നിവ ഓവർ വോൾട്ടേജ് മൂലം കത്തി നശിച്ചു. കനത്ത മഴയും വൈദ്യുതി ഇല്ലാത്തതും മൂലം നഷ്ടങ്ങൾ പൂർണ്ണമായി കണക്കാക്കാൻ സാധിച്ചിട്ടില്ലന്ന് തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ പറഞ്ഞു.