തിരുവനന്തപുരം: ഒഡിഷ തീരത്തെ ന്യൂനമർദം മൂലം പടിഞ്ഞാറൻ കാറ്റ് ശക്തമായതിനെത്തുടർന്ന് കേരളത്തിൽ ശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരളത്തിലെ മലയോര മേഖലയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ 70 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാൻ സാധ്യയുണ്ട്.
അതേസമയം വ്യാഴാഴ്ച വരെ കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദം അറിയിച്ചു. സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. ആലപ്പുഴ തീരദേശ റെയിൽപാതയിൽ മരം വീണ് മണിക്കൂറുകളോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, തൃശൂർ എന്നീ ജില്ലകളിൽ പലയിടത്തും വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. എറണാകുളം റെയിൽവേസ്റ്റേഷനിൽ വെള്ളം കയറി സിഗ്നൽ സംവിധാനങ്ങൾ തകരാറിലായതിനെത്തുടർന്ന് ഇരുഭാഗത്തേക്കുമുള്ള റെയിൽ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
ജയന്തി ജനത എക്സ്പ്രസ് 2.10 മണിക്കൂർ വൈകിയാണ് ഓടുന്നത്. മഴ കൂടുതൽ ശക്തിപ്പെടുന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ശകതമായ കടൽക്ഷോഭം: വണ്ടാനത്ത് കപ്പൽ തീരത്തടിഞ്ഞു
അന്പലപ്പുഴ: നീർക്കുന്നം മാധവ മുക്കിൽ കപ്പൽ അടിഞ്ഞു.രാവിലെ 8 ഓടെയായിരുന്നു സംഭവം. അൽ അഫ്താൻ 10 അബുദാബിയുടെ കപ്പലാണ് തീരത്തടിഞ്ഞത്. കപ്പൽ തീരത്തടുത്തതോടെ നാട്ടുകാരും തടിച്ചുകൂടി.
വിവരമറിഞ്ഞ് അന്പലപ്പുഴ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കപ്പലിനുള്ളിലുള്ള ജീവനക്കാരുടെ എണ്ണം സംബന്ധിച്ചും എന്താണ് കപ്പലിലെന്നതു സംബന്ധിച്ചും വ്യക്തതയില്ല. വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പോലീസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.