കോഴഞ്ചേരി: ആറന്മുള പാർഥസാരഥി ക്ഷേത്രസന്നിധിയിൽ വള്ളസദ്യകൾക്കു ഭക്തിനിർഭരമായ തുടക്കം. പാർഥസാരഥി ക്ഷേത്ര മതിലകത്തെ കൊടിമരച്ചുവട്ടിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ നിലവിളക്ക് തെളിച്ചതോടെ വള്ളസദ്യയ്ക്കു തുടക്കമായി.
എൻഎസ്എസ് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ തൂശനിലയിൽ വിഭവങ്ങൾ വിളന്പി. തെക്കേമുറി, കോയിപ്രം, മാരാമണ്‍ പള്ളിയോടങ്ങളാണ് ആദ്യദിവസത്തെ വള്ളസദ്യയിൽ പങ്കെടുത്തത്. പള്ളിയോടങ്ങളിൽ ക്ഷേത്രകടവിലെത്തിയ കരക്കാരെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി വെറ്റില, പുകയില, പാക്ക് ഇവ നൽകി സ്വീകരിച്ചു.
ക്ഷേത്ര കടവിൽ ആദ്യമെത്തിയ തെക്കേമുറി പള്ളിയോടത്തിലെ കരക്കാരെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാർ കൃഷ്ണവേണിയും സ്വീകരിച്ചത്. ക്ഷേത്രത്തിനു ചുറ്റും മൂന്നു പ്രാവശ്യം പ്രദക്ഷിണംവച്ചതിന് ശേഷം കരക്കാർ കൊടിമരചുവട്ടിലെത്തിയതിനെ തുടർന്നാണ് ശേഷമാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്.
ദേവസ്വം ബോർഡ് മെംബർ കെ.പി. ശങ്കർദാസ്, കമ്മീഷണർ എൻ. വാസു, എൻഎസ്എസ് ഡയറക്ടർ ബോർഡംഗം ഡി. അനിൽകുമാർ, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് സി.എൻ. സോമനാഥൻ നായർ, ത്രിതല ജനപ്രതിനിധികളായ വിനീത അനിൽ , ലീല മോഹൻ, അയിഷ പുരുഷോത്തമൻ, മിനി ശ്യാം മോഹൻ, എം.ബി. സത്യൻ, ജെറി മാത്യു സാം, ഹിന്ദുമതമഹാമണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്. നായർ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ബിജെപി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, മുൻ ഡിസിസി പ്രസിഡന്റ് പി. മോഹൻരാജ്, പള്ളിയോട സേവാസംഘം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.