കണ്ണൂർ: ബസ് കാത്തുനിൽക്കുകയായിരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് ചമഞ്ഞ് ബൈക്കിലെത്തിയ രണ്ടംഗസംഘം 22,000 രൂപ കൊള്ളയടിച്ചു.
ഇന്നലെ രാത്രി ഏഴോടെയാണ് സംഭവം. താഴെചൊവ്വ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന രണ്ട് ഇതരസംസ്ഥാന തൊഴിലാളികളുടെ സമീപത്തേക്ക് രണ്ടുപേർ ബൈക്കിലെത്തി തങ്ങൾ പോലീസാണെന്നും എവിടെയാണ് പോകുന്നതെന്നും ഇതരസംസ്ഥാന തൊഴിലാളികളോട് ചോദിച്ചു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുന്നതാണെന്ന് മറുപടിയും നൽകി.
ഇവിടെ ചെറിയ പ്രശ്നങ്ങളുണ്ട് നിങ്ങളെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബൈക്കിൽനിന്നും ഇറങ്ങി തൊഴിലാളികളുടെ കൈയിലുണ്ടായിരുന്ന സഞ്ചിയും പഴ്സും പരിശോധിച്ചു. പേഴ്സിൽ സൂക്ഷിച്ച 22,000 രൂപ എടുത്ത കവർച്ചാസംഘം സ്റ്റേഷനിൽ വന്നാൽ തരാമെന്ന് പറഞ്ഞു. ഇത് തങ്ങൾ ജോലിചെയ്ത കൂലിയാണെന്നും എടുക്കരുതെന്നും തൊഴിലാളികൾ പറഞ്ഞെങ്കിലും തൊഴിലാളികളെ തള്ളിമാറ്റി ബൈക്ക് എടുത്തു സംഘം സ്ഥലംവിട്ടു.
തൊഴിലാളികൾ ബഹളം വച്ചതോടെ ബൈക്കിലുണ്ടായിരുന്ന കവർച്ചാ സംഘം രക്ഷപ്പെട്ടു. തുടർന്ന് മറ്റുയാത്രക്കാരും നാട്ടുകാരുടെയും സഹായത്തോടെ ടൗൺ പോലീസിൽ എത്തി പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചതായി ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി അറിയിച്ചു.