കണ്ണൂർ: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ സംഭവത്തിൽ എസ്ഡിപിഐ പ്രവർത്തകനെ പ്രത്യേക അന്വേഷണ സംഘം തലശേരിയിൽനിന്നു പിടികൂടി. ഗോപാൽപേട്ട സ്വദേശിയെയാണ് തലശേരിയിലെ ലോഡ്ജിൽനിന്നും ഇന്നലെ രാത്രി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
തലശേരി പോലീസിന്റെ സഹായത്തോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തലശേരിയിലുള്ളതായി വിവരം ലഭിച്ചത്. തുടർന്ന് ഇന്നലെ രാത്രിയോടെ ഇയാളെ കസ്റ്റഡിയിലെടുക്കുകയും എറണാകുളത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.