തിരുവനന്തപുരം: മന്ത്രിമാർക്കും ഉന്നതർക്കും നല്ല ചികിത്സയും സാധാരണക്കാർക്കു സങ്കരവൈദ്യവുമെന്ന സർക്കാർ നിലപാടിനെതിരേ ഐഎംഎ. അശാസ്ത്രീയ ചികിത്സ പാവപ്പെട്ടവരുടെ ശരീരത്തിൽ അടിച്ചേൽപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വികലനയത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ സംയുക്ത സമരസമിതി തീരുമാനിച്ചതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ ഇ.കെ ഉമ്മറും സെക്രട്ടറി ഡോ.എൻ സുൾഫിയും അറിയിച്ചു.
തുല്യചികിത്സാ അവകാശം നിഷേധിക്കുന്നതു ഭൂഷണമല്ലെന്നു യോഗം വിലയിരുത്തി. ജനദ്രോഹവകരവും പിന്തിരിപ്പനുമായ നിലപാടിനെതിരെ ശക്തമായി പോരാടും. കൂടുതൽ സമരപരിപാടി ചർച്ചചെയ്യാൻ നാളെ സംയുക്ത സമര സമിതി തിരുവനന്തപുരത്തു യോഗം ചേരും.
തുടർന്ന് 18ന് മെഡിക്കൽ വിദ്യാർഥികൾ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും. ഇതിലും സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ ദിനം ആചരിച്ചു സെക്രട്ടേറിയറ്റ് മാർച്ച് നടത്തും. തുടർന്ന് അനിശ്ചിതകാല സമരത്തിലേക്കു നീങ്ങും.
സങ്കര വൈദ്യത്തിന്റെ പ്രചാരകനായി ആരോഗ്യ സെക്രട്ടറി മാറിയെന്നും യോഗത്തിൽ ആരോപണമുയർന്നു. യോഗത്തിൽ കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. റൗഫ്, മെഡിക്കൽ സ്റ്റുഡൻസ് നെറ്റ്വർക്ക് പ്രതിനിധികളായ ഡോ.ശബരി, ഡോ.അശ്വിൻ എന്നിവരും പങ്കെടുത്തു.