കൊടകര: മാതാപിതക്കൾ ഉപേക്ഷിച്ചതോടെ നിരാലംബരായ മൂന്നുകുരുന്നുകൾക്ക് തണലൊരുക്കി സേവാഭാരതി പ്രവർത്തകർ. കൊടകര കുംഭാരത്തെരുവിൽ വയോധികനായ മുത്തച്ഛന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന ഗീത(9) ,ശ്വേത(7),നികിത (അഞ്ച്) എന്നീ കുരുന്നുകളുടെ സംരക്ഷണവും പഠനച്ചെലവുമാണ് സേവാഭാരതി ഏറ്റെടുത്തത്.
കൊടകരയിൽ വന്നു താമസിക്കുന്ന ആന്ധ്ര സ്വദേശി സന്പത്തിന്റെ പേരക്കുട്ടികളാണ് ഈ കുരുന്നുകൾ. ഇളയ കുട്ടിക്ക് മൂന്നുമാസം പ്രായമുള്ളപ്പോൾ അമ്മ ഇവരെ ഉപേക്ഷിച്ചുപോയി. അച്ഛനും പിന്നീട് ഇവരെ ഉപേക്ഷിച്ചു. വയോധികനായ മുത്തച്ഛനാണ് മൂന്നുകുട്ടികളേയും സംരക്ഷിച്ചുപോന്നിരുന്നത്.
ഇവരുടെ ദൈന്യത അറിഞ്ഞ് സേവാഭാരതി പ്രവർത്തകർ എത്തി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. ഉരകത്തുള്ള സജ്ജീവനി ബാലിക സദനത്തിൽ താമസിപ്പിച്ച് കുട്ടികളെ പഠിപ്പിക്കാനാണ് സേവാഭാരതിയുടെ തീരുമാനം.
ഇന്നലെ രാവിലെ കുംഭാരതെരുവിലെത്തി ഇവർ കുട്ടികളെ ഏറ്റെടുത്തു. ആർ.എസ്.എസ്. വിഭാഗ് കാര്യകാരി സദസ്യൻ കെ.ആർ. ദേവദാസ് ,സേവാഭാരതി പ്രവർത്തകരായ എം.എൻ. തിലകൻ, രഘു പി. മേനോൻ, എം സുനിൽകുമാർ, വത്സൻ തോട്ടാപ്പിള്ളി, വിനോദ് പിള്ള, നന്ദകുമാർ വിളക്കത്തറ, എ.കെ. പ്രേമൻ, സഹദേവൻ കാവിൽ എന്നിവരുടെ നേതൃത്വത്തിലാണ് കു്ട്ടികളെ ഏറ്റെടുത്തത്.