അഞ്ചൽ: കൊല്ലം അഞ്ചലിൽ അന്യ സംസ്ഥാന തൊഴിലാളി മരിച്ചത് മർദനമേറ്റാണെന്നു സ്ഥിരീകരിച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ബംഗാൾ സ്വദേശി മാണിക് റോയി(32) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. തലയ്ക്കേറ്റ അടിയാണു മരണകാരണമെന്നാണ് റിപ്പോർട്ട്.
പനയഞ്ചേരിയിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന മാണിക് റോയിയെ കുറച്ചു ദിവസം മുമ്പ് സദാചാര ഗുണ്ടകൾ മർദ്ദിച്ചിരുന്നു. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു മർദനം. രക്തംവാർന്ന് അവശനായ റോയിയെ നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പുറത്തിറങ്ങി ഏതാനും ദിവസങ്ങളായി ജോലിക്ക് പോയിരുന്ന മണിക് കഴിഞ്ഞദിവസം കുഴഞ്ഞുവീണതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ അറിയിച്ചതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.