തിരൂർ: പത്തനംതിട്ട, എറണാകുളം സ്വദേശികളായ യുവാക്കളെ തട്ടികൊണ്ടുപോയി പണം കവർന്ന കേസിൽ ഒളിവിലുള്ള അഞ്ചുപ്രതികൾക്കായി പോലീസ് അന്വേഷണം ശക്തമാക്കി. രണ്ടാം പ്രതി പറവണ്ണ സ്വദേശി ഷഫീഖ് എന്ന സമീർ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതായി പോലീസ് പറഞ്ഞു.
ആന്ധ്ര, തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ലഹരി കടത്തു സംഘങ്ങളുമായി പ്രതികൾ ചേർന്ന് പ്രവർത്തിക്കുന്നതായി പോലീസ് പറഞ്ഞു. സംഘത്തിലെ മുഖ്യപ്രതി ഇന്നലെ അറസ്റ്റിലായിരുന്നു.
പറവണ്ണ അരയന്റെ പുരക്കൽ അബ്ബാസ് മകൻ ഫമീസ് (26) ആണ് പിടിലായത്. ഫമീസ് നിരവധി കേസുകളിൽ പ്രതിയായ ക്വട്ടേഷൻ സംഘാംഗമാണെന്നും സംഭവത്തിനു പിന്നിൽ കഞ്ചാവ് ഇടപാട് ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.
മാസങ്ങൾക്ക് മുന്പ് തീരദേശ മേഖലയിൽ ഓട്ടോറിക്ഷ കത്തിച്ച കേസ്, ബസിൽ കയറി കണ്ടക്ടറെ വെട്ടിയ കേസ് ഉൾപ്പടെ പത്തോളം കേസിൽ ഫമീസ് പ്രതിയാണെന്ന് എസ്ഐ സുമേഷ് സുധാകരൻ പറഞ്ഞു. ഐത്തല കൊച്ചേത്ത് സണ്ണിയുടെ മകൻ ഷിജി (27), താഴത്തേതിൽ മോനച്ചന്റെ മകൻ ജിക്കുമോൻ (25) എന്നിവരെയാണു കഴിഞ്ഞ 26ന് തിരൂരിലെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്.
ജൂണ് 23ന് വൈകിട്ടാണു സിനിമാക്കഥകളെ വെല്ലുന്ന രീതിയിൽ തട്ടിക്കൊണ്ടുപോകൽ അരങ്ങേറിയത്. ബാറിൽ മദ്യപിച്ച ശേഷം പുറത്തിറങ്ങിയ യുവാക്കൾക്കു പിന്നാലെ കൂടിയ സംഘം ഇവരെ തട്ടിയെടുത്ത ശേഷം വിലപേശുകയായിരുന്നു. വീട്ടുകാരെ ഫോണിൽ ബന്ധപ്പെട്ടു ലക്ഷങ്ങളാണു സംഘം ആവശ്യപ്പെട്ടത്.
ഇരുവരുടെയും വീട്ടുകാർ അതിനു വഴങ്ങാതിരുന്നതോടെ ഒടുവിൽ 10,000 രൂപയെങ്കിലും തരണമെന്നായി. ഇതും വീട്ടുകാർ വിസമ്മതിച്ചു. ഇതോടെയാണു രാത്രിയിൽ തിരൂരിനു സമീപം റോഡരികിൽ സംഘം യുവാക്കളെ ഉപേക്ഷിച്ചു മുങ്ങിയത്.
യുവാക്കളെ തട്ടിക്കൊണ്ടുപോയതു മുതൽ വിവരങ്ങൾ ശേഖരിച്ചുവന്ന പത്തനംതിട്ട പോലീസ് ഉടനെ മലപ്പുറത്തേക്കു തിരിച്ചിരുന്നു. സംഘത്തിലെ ഒരാളുടെ ഫോണ് നന്പർ കൈവശമാക്കിയ പോലീസ് ഈ നന്പർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന സംശയത്തിൽ സംഘം യുവാക്കളെ വഴിയിലുപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു.
സംഭവ ശേഷം സംസ്ഥാനത്തിന് പുറത്ത് ഒളിവിൽ പോയ മുഖ്യ പ്രതി ഫമീസ് കഴിഞ്ഞ ഏതാനും ദിവസമായി തിരൂരിൽ എത്തിയിരുന്നു. ഈ വിവരം ലഭിച്ച പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം പ്രതി പലതവണ ഓടി രക്ഷപ്പെടാൻ ശ്രമിച്ചതായി പോലീസ് പറഞ്ഞു.