കൊല്ലം: അഞ്ചലിന് സമീപം പനയഞ്ചേരിയിൽ നാട്ടുകാരായ സദാചാര ഗുണ്ടകളുടെ മർദനമേറ്റ് ഇതരസംസ്ഥാന ത്തൊഴിലാളി മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പനയഞ്ചേരി സ്വദേശി ശശിധരക്കുറുപ്പ് , അഞ്ചൽ സ്വദേശി ആസിഫ് എന്നിവരാണ് അറസ്റ്റിലായത്
പശ്ചിമ ബംഗാൾ സ്വദേശി മണിക് റോയി (32) ആണ് കഴിഞ്ഞ ദിവസം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ 25ന് വൈകുന്നേരം ആറോടെ പനയഞ്ചേരിയിൽ ആണ് മണിക് റോയിക്ക് മർദനമേൽക്കുന്നത്. സമീപത്തെ വീട്ടിൽനിന്നു ഒരു കോഴിയെ വാങ്ങി താമസസ്ഥലത്തേക്ക് പോകുന്പോൾ റോഡ് വക്കിലെ കലുങ്കിലിരിക്കുകയായിരുന്ന നാട്ടുകാരായ മൂന്ന് പേർ മണിക് റോയിയെ തടഞ്ഞു നിർത്തുകയും മോഷ്ടാവെന്ന് ആരോപിച്ച് മർദിക്കുകയുമായിരുന്നു.
രക്തം വാർന്ന് ബോധരഹിതനായ മണിക് റോയിയെ നാട്ടുകാരാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസത്തെ ചികിത്സയ്ക്കുശേഷം പുറത്തുവന്ന മണിക് റോയി അടുത്തിടെ കൂലിവേലയ്ക്ക് പോകൽ തുടർന്നു. കഴിഞ്ഞ ദിവസം ജോലിസ്ഥലത്ത് വച്ച് രാവിലെ പത്തോടെ കുഴഞ്ഞു വീണതിനെത്തുടർന്ന് മണിക്ക് റോയിയെ സഹപ്രവർത്തകർ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.
മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. തലയുടെ പിൻഭാഗത്തേറ്റ മുറിവിൽ അണുബാധയേറ്റതും വിദഗ്ധചികിത്സ കിട്ടാത്തതുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോയി.