തിരുവനന്തപുരം: കിഫ്ബി വഴി പ്രവാസിച്ചിട്ടിക്കു ലഭ്യമാക്കുന്ന സെക്യൂരിറ്റി, ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ളതാണെന്നും ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. 2016ലെ കിഫ്ബി നിയമപ്രകാരം കിഫ്ബി ബോണ്ടുകൾക്കും സർക്കാർ നൂറു ശതമാനം ഗാരന്റി നല്കുന്നുണ്ട്.
അതിനാൽ ചിട്ടിത്തുക കിഫ്ബിയിൽ ബോണ്ടായി നിക്ഷേപിക്കുന്നതു പൂർണമായും നിയമവിധേയവും സുരക്ഷിതവുമാണ്. ചിട്ടി നിയമത്തിന്റെ സെക്ഷൻ 14 (1)(സി) പ്രകാരവും 20(1)(സി) പ്രകാരവുമാണ് അംഗീകൃത സെക്യൂരിറ്റികളിൽ ചിട്ടിപ്പണം നിക്ഷേപിക്കാൻ വ്യവസ്ഥയുള്ളത്.
അംഗീകൃത സെക്യൂരിറ്റികളിലെ മുതലിനും പലിശയ്ക്കും 1882ലെ ഇന്ത്യൻ ട്രസ്റ്റ് നിയമത്തിന്റെ 20-ാം വകുപ്പ് പ്രകാരം സംസ്ഥാന സർക്കാരുകൾ റദ്ദാക്കാനാകാത്ത ഗാരന്റി നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. പ്രവാസി ചിട്ടിയേക്കുറിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുൻ ധനമന്ത്രി കെ.എം. മാണിയും ഉന്നയിച്ച ആശങ്കകൾക്കുള്ള മറുപടിയായാണു ധനമന്ത്രി ഇക്കാര്യം അറിയിച്ചത്.
അടിസ്ഥാനരഹിതമായ വിവാദങ്ങളുണ്ടാകുന്നത് ചിട്ടിയിൽ ചേരാനിരിക്കുന്ന പ്രവാസികളിൽ അനാവശ്യ ആശങ്ക സൃഷ്ടിക്കാനേ ഉപകരിക്കൂ. കെഎസ്എഫ്ഇ ആരംഭിക്കുന്ന എല്ലാത്തരം ചിട്ടിയും പോലെ ആവശ്യമായ എല്ലാ നിബന്ധനകളും പാലിച്ചാണു പ്രവാസി ചിട്ടിയും തുടങ്ങുന്നത്. അതിനാവശ്യമായ നിയമപരമായ എല്ലാ അനുവാദങ്ങളും ലഭ്യമാക്കിയിട്ടുമുണ്ട്.
ഇതു സംബന്ധിച്ച് ചിട്ടിയുടെ സെക്യൂരിറ്റിക്ക് ബാങ്ക് ഗാരന്റി വേണമെന്ന നിബന്ധനയാണ് കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് എതിരായി ചൂണ്ടിക്കാട്ടുന്നത്. ചിട്ടിത്തുകയ്ക്ക് ലഭ്യമാക്കാവുന്ന മൂന്നു തരത്തിലുള്ള സെക്യൂരിറ്റികളിൽ ഒന്നുമാത്രമാണ് ബാങ്ക് ഗാരന്റി. സർക്കാർ സെക്യൂരിറ്റിയും ഇന്ത്യൻ ട്രസ്റ്റ് ആക്ട് അനുസരിച്ചുള്ള സെക്യൂരിറ്റിയുമാണ് മറ്റു രണ്ടെണ്ണം.
ചിട്ടിയുടെ സെക്യൂരിറ്റി തുക ട്രഷറിയിൽ നിക്ഷേപിക്കുന്നതിന് ആവശ്യമായ നിയമ ഭേദഗതി വരുത്തിയതു മുൻ ധനമന്ത്രി കെ.എം. മാണിയാണ്. ഉത്തരവ് ഇപ്പോഴും നിലനിൽക്കുന്നു. എല്ലാ കിഫ്ബി ബോണ്ടുകൾക്കു നൂറു ശതമാനം സർക്കാർ ഗാരന്റി നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രവാസി ചിട്ടിയുടെ സെക്യൂരിറ്റി തുക കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് ഉത്തരവുപോലും ആവശ്യമില്ല. ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരുത്തണമെങ്കിൽ ആരുമായും ചർച്ച ചെയ്യാൻ സർക്കാർ സന്നദ്ധമാണെന്നും മന്ത്രി അറിയിച്ചു.