കോഴിക്കോട്: കൊയിലാണ്ടിക്കടുത്ത് കാരയാട് എസ്എഫ്ഐ ലോക്കൽ സെക്രട്ടറിയെ വെട്ടിയ സംഭവത്തിൽ എസ്ഡിപിഐ നേതാവ് അറസ്റ്റിൽ. എസ്ഡിപിഐ ജില്ലാ നേതാവായ കാരയാട് രായ്രോത്ത് മുഹമ്മദിനെയാണ് മേപ്പയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്.
എസ്എഫ്ഐ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിന് നേരത്തെ ഇയാൾക്കെതിരേ കേസ് ഉണ്ടെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി 10.15ഓടെയാണ് എസ്എഫ്ഐ കാരയാട് ലോക്കൽ സെക്രട്ടറി എസ്.എസ്. വിഷ്ണുവിനെ ആറംഗ സംഘം വെട്ടി പരിക്കേൽപ്പിക്കുന്നത്. വീഷ്ണുവിന്റെ വീടിന് പുറത്ത് കാത്ത് നിന്ന സംഘമാണ് അക്രമിച്ചതെന്ന് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ടി. അതുൽ പറഞ്ഞു.
വീടിനുപുറത്ത് ആയുധങ്ങളുമായി കാത്ത് നിന്ന സംഘം വിഷണു പുറത്തിറങ്ങിയ ഉടൻ വെട്ടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുളക്പൊടി വിതറിയ ശേഷമായിരുന്നു അക്രമമെന്നും അദ്ദേഹം പറഞ്ഞു. അഭിമന്യു വധവുമായി ബന്ധപ്പെട്ട് രണ്ടു ദിവസം മുന്പ് പ്രദേശത്ത് പ്രതിഷേധ പ്രടകനം നടത്തിയിരുന്നു.
ഇതിൽ എസ്ഡിപിഐക്ക് എതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു. തങ്ങൾക്കെതിരേ മുദ്യാവാക്യം മുഴക്കിയാൽ അതിന്റെ ഭവിഷ്യത്ത് അറിയുമെന്ന് ഒരു സംഘം വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അതിന് ശേഷമാണ് അക്രമം നടന്നതെന്നും അതുൽ പറഞ്ഞു.
സംഭവത്തിൽ തലയ്ക്കും കൈക്കും പുറത്തും പരിക്കേറ്റ വിഷണുവിനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എസ്ഡിപിഐ അക്രമത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ഇന്ന് രാവിലെ 11ഓടെ കോഴിക്കോട് നഗരത്തിൽ പ്രതിഷേധ പ്രടനം നടത്തുമെന്ന് അതുൽ പറഞ്ഞു.