വൈപ്പിൻ: കനത്ത മഴയിൽ വെള്ളം കയറിയും ചോർന്ന് ഒലിച്ചും ജീർണാവസ്ഥയിലുമായ പുതുവൈപ്പ് കടപ്പുറത്തെ പ്രാഥമികാരോഗ്യകേന്ദ്രം അടച്ചുപൂട്ടി. കെട്ടിടത്തിന്റെ ഭിത്തിയിൽ തൊട്ടാലും മുറ്റത്തെ വെള്ളത്തിൽ ചവിട്ടിയാലും വൈദ്യുതി ഷോക്കേൽക്കുന്ന സാഹചര്യത്തിൽ വൈദ്യുതി ബന്ധം വിഛേദിച്ചതോടെയാണ് അടച്ചു പൂട്ടിയത്.
ഇതുമൂലം നിർധനരായ തീരദേശത്തുകാർക്ക് പ്രാഥമിക ചികിത്സ സൗകര്യം ഇല്ലാതായി. മാത്രമല്ല കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്താനുള്ള ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഈ കേന്ദ്രം ഇതോടെ ലിസ്റ്റിൽ നിന്നും ഒഴിവാകുമെന്നും ഉറപ്പായി.
അറ്റകുറ്റപ്പണികൾ നടത്തിയാലും കാലപ്പഴക്കമുള്ള കെട്ടിടം സുരക്ഷിതമല്ല. മഴവെള്ളം കയറിയതിനെ തുടർന്ന് ധാരാളം മരുന്നുകൾ നശിച്ചു പോയിട്ടുണ്ട്. കുറച്ചുനാൾ മുന്പ് ഇവിടെ ചികിത്സക്കിടെ സീലിംഗ് ഫാൻ പൊട്ടി ഡോക്ടറുടെ തലയിൽ വീണ് പരിക്കേറ്റിരുന്നു.
മൂന്ന് ഫാനുകൾ ഉള്ള ഇവിടെ പ്രവർത്തിച്ചിരുന്ന ഏക ഫാനാണ് അന്ന് പൊട്ടിവീണത്. വൈദ്യുതി വയറിംഗ് എല്ലാം തകരാറിലായതിനാലാണ് ഇപ്പോൾ ഭിത്തിയിൽ തൊട്ടാൽ പോലും ഷോക്കടിക്കുന്നത്. കേന്ദ്രം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് ആലോചിക്കുന്നുണ്ടെങ്കിലും പറ്റിയ സ്ഥലംകിട്ടാനില്ല. തൊട്ടു ചേർന്ന് കിടക്കുന്ന കഞ്ഞുങ്ങളുടെ കുത്തിവെയ്പ് കേന്ദ്രത്തിലേക്ക് മാറാൻ തീരുമാനിച്ചെങ്കിലും സ്ഥലപരിമിതി കാരണം ഉപേക്ഷിച്ചു.
എൽഎൻജി, കെആർഎൽ തുടങ്ങിയ വൻ പദ്ധതികൾ ഉള്ള പുതുവൈപ്പ് മേഖലയിൽ കെട്ടിടം നിർമ്മിക്കാൻ ഫണ്ട് ലഭ്യമാക്കാൻ ബുദ്ധിമുട്ടില്ലെങ്കിലും പഞ്ചായത്ത് ഇതിനു മുൻ കൈ എടുക്കുന്നില്ലെന്നാണ് കേരളാ ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത പ്രസിഡന്റ് ജോണ്സണ് കാനപ്പിള്ളി ആരോപിക്കുന്നത്. ഇതിനെ ശരിവക്കുന്ന രീതിയിലാണ് പഞ്ചായത്തിലെ സ്വതന്ത്ര അംഗമായ സി.ജി. ബിജുവിന്റെ പ്രതികരണം.
ഒന്നര വർഷം മുന്പ് കെട്ടിടം നിർമിക്കാൻ എൽഎൻജി ഫണ്ടിനു വേണ്ടി നടന്നിരുന്ന പഞ്ചായത്ത് ഇപ്പോൾ കെആർഎല്ലിന്റെ പുറകെയാണത്രേ. കെട്ടിടം നിർമിക്കാൻ എസ്റ്റിമേറ്റ് എടുത്ത് നൽകിയിട്ടുണ്ടെങ്കിലും പേപ്പർ വർക്കുകൾ നീക്കാൻ പഞ്ചായത്ത് താൽപര്യമെടുക്കാത്ത അവസ്ഥ നിലനിൽക്കുന്നതിനാൽ കെട്ടിട നിർമ്മാണം അനന്തമായി നീണ്ട് പോകാനാണ് സാധ്യതയെന്നാണ് സ്വതന്ത്ര അംഗം പറയുന്നത്.