തലശേരി: നഗരമധ്യത്തില്‍ പോലീസ് സ്റ്റേഷന് വിളിപ്പാടകലെ ജ്വല്ലറി ഉടമ സ്ഥാപനത്തിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ട കേസില്‍ സിബിഐക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി ‘സ്നേഹ’യില്‍ പാറപ്പുറത്ത് കുനിയില്‍ ദിനേശൻ (52) കൊല്ലപ്പെട്ട സംഭവത്തിലാണ് വിലപ്പെട്ട ചില തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി അറിയുന്നത്.
രണ്ടാഴ്ച മുമ്പ് തലശേരിയിലെത്തിയ സിബിഐ സംഘം രണ്ട് പേരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് വിലപ്പെട്ട ചില തെളിവുകള്‍ ലഭിച്ചിട്ടുള്ളതായി അറിയുന്നത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സിബിഐ സംഘം തയാറായില്ല. കേസന്വേഷണത്തെക്കുറിച്ചുള്ള ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘എല്ലാം കറക്ടായി വരും’ എന്ന മറുപടിയാണ് സിബിഐ സിഐ ശൈലേഷില്‍ നിന്നും ലഭിച്ചത്.
കൊല്ലപ്പെട്ട ദിനേശന്റെ നാല് സഹോദരങ്ങളുള്‍പ്പെടെയുള്ള അടുത്ത ബന്ധുക്കളെയെല്ലാം സിബിഐ തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി നിരന്തരമായി ചോദ്യം ചെയ്തിരുന്നു.
മഹാരാഷ്ട്ര സ്വദേശികളായ മൂന്ന് പേരെയും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. നഗരത്തില്‍ പഴയ സ്വര്‍ണം വാങ്ങി ഉരുക്കി വില്പന നടത്തുന്ന സഹോദരങ്ങളുള്‍പ്പെടെ സേട്ടുമാര്‍ എന്നറിയപ്പെടുന്ന മൂന്ന് പേരെയാണ് സിബിഐ സംഘം തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നത്.
ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് കേസ് സിബിഐ യുടെ കൈയിലെത്തിയത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിലും പ്രതിയെ പിടികൂടാത്ത സാഹചര്യത്തില്‍ ദിനേശന്റെ അയല്‍വാസിയായ ഗോവിന്ദരാജ് ഹൈക്കോടതിയില്‍ നല്കിയ ഹർജിയെ തുടര്‍ന്നാണ് 2015 ഒക്ടോബറില്‍ ജസ്റ്റിസ് കമാല്‍പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
തുടര്‍ന്ന് സിബിഐയിലെ എസ്പി യുടെ നേതൃത്വത്തിലുള്ള ഉന്നത സംഘം സംഭവ സ്ഥലം സന്ദര്‍ശിക്കുകയും തലശേരി റസ്റ്റ് ഹൗസില്‍ ക്യാമ്പ് ഓഫീസ് തുറന്ന് അന്വേഷണമാരംഭിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വാടക വിവാദം വന്നതോടെ തലശേരി റസ്റ്റ് ഹൗസിലെ ക്യാമ്പ് ഓഫീസിന്റെ പ്രവര്‍ത്തനം നിലച്ചു.
റസ്റ്റ് ഹൗസിലെ റണ്ട് റൂമുകള്‍ ഇപ്പോഴും സിബിഐ യുടെ കൈവശമുണ്ടെങ്കിലും ഇവിടെ ഉദ്യോഗസ്ഥരുടെ വരവ് അപൂര്‍വമാണെന്ന് റസ്റ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. സിഐ അനീഷിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘമാണ് ഇതിനു മുമ്പ് കേസന്വേഷിച്ചത്. 2014 ഡിസംബര്‍ 23ന് രാത്രി എട്ടോടെയാണ് ദിനേശനെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.