കൂത്തുപറന്പ്: അനധികൃത ചെങ്കൽ ഖനനം ചെറുവാഞ്ചേരി നവോദയ കുന്നിൽ ഉരുൾപൊട്ടൽ ഭീഷണിയുയർത്തുന്നു.മിച്ചഭൂമിയിൽനിന്നും സ്വകാര്യ വ്യക്തികൾ തമ്മിൽ തർക്കത്തിലുള്ളതും കോടതിയുടെ പരിഗണനയിൽ ഉള്ളതുമായ സ്ഥലങ്ങളിൽനിന്നു പോലും ഖനനം നടക്കുന്നുണ്ട്. കുന്നിന്റെ മുകൾ ഭാഗങ്ങളിലേതു കൂടാതെ കുന്നിൻ ചെരിവുകളിൽ നിന്നും ഖനനം നടത്തുകയാണ്. ഏതാണ്ട് 20 ഏക്കറോളം സ്ഥലത്തു നിന്നാണ് ഖനനം നടത്തുന്നത്.
മഴ കനത്തതോടെ കുന്നിന്റെ താഴ് വാര മേഖലയായ ചീരാറ്റ. കല്ലുവളപ്പ് എന്നീ മേഖലകളിലുള്ള 200 ഓളം കുടുംബങ്ങൾ കടുത്ത ഉരുൾപൊട്ടൽ ഭീഷണയിലാണ് കഴിയുന്നത്. മഴയിൽ ചെങ്കൽ പണകളിൽ നിന്നുള്ള ചെളിയും മറ്റും താഴ്വാരത്തേക്ക് കുത്തിയൊഴുകുകയാണ്. നാലു വർഷം മുന്പ് ഉരുൾപൊട്ടലുണ്ടായ പ്രദേശമാണിത്.
കുന്നിൻ മുകളിൽ നിന്നുള്ള ചെളിയും മറ്റും ഒലിച്ചിറങ്ങി കുന്നിന്റെ താഴ് വാരത്തുള്ള നീരുറവകളു വയലുകളും ഇല്ലാതായികൊണ്ടിരിക്കുകയാണ്. അനധികൃത ഖനനം നിർത്തലാക്കി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഇവിടെയുള്ള ജനങ്ങൾ ചെറുവാഞ്ചേരി നവോദയ കുന്ന് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
അനധികൃത ഖനനം സംബന്ധിച്ച് കളക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയെങ്കിലും നടപടികളുണ്ടായില്ലെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയപാർട്ടികളുടെയും പിന്തുണയോടുകൂടിയാണ് അനധികൃത ഖനനം നടക്കുന്നതെന്ന് ചെറുവാഞ്ചേരി നവോദയ കുന്ന് ആക്ഷൻ കമ്മിറ്റികൺവീനർ സി.പി. റഫീഖ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
കളക്ടർക്ക് പരാതി നൽകിയപ്പോൾ കളക്ടർ തഹസിൽദാർക്ക് അയയ്ക്കുകയും തഹസിൽദാർ വില്ലേജ് ഓഫീസറോട് റിപ്പോർട്ടിന് ആവശ്യപ്പെടുകയുമാണ് ചെയ്തത്. എന്നാൽ വില്ലേജ് ഓഫീസിൽനിന്ന് ഇതുവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
അനധികൃത ചെങ്കൽഖനന മേഖല സന്ദർശിക്കാനോ ഉപകരണങ്ങൾ പിടിച്ചെടുക്കാനോ ബന്ധപ്പെട്ട ഉദ്യാഗസ്ഥർ തയാറാകുന്നില്ല. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കാനാണ് ആക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ചെങ്കൽ ലോറികൾ തടയുന്നതുൾപ്പെടെയുള്ള സമര പരിപാടികൾ ആരംഭിക്കും.
ഇതുമായി ബന്ധപ്പെട്ട് ഈ മേഖലയിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷാവസ്ഥ ഉടലെടുത്താൻ അതിന്റെ പൂർണ ഉത്തരാവദിത്വം റവന്യു വകുപ്പിനായിരിക്കുമെന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ ഇ.എം.സി. ഉമ്മർ, ഡി. ഹമീദ്, എം.പി. നൗഷാദ്, വി.കെ. റെയീസ് എന്നിവർ പങ്കെടുത്തു