പുനലൂർ: ട്രാക്കിലേയ്ക്ക് മരങ്ങൾ വീണ് സർവീസ് മുടങ്ങിയതിനെ തുടർന്ന് ഇന്നെലെ റെയിൽവേ സുരക്ഷാ വിഭാഗം കൊല്ലം-ചെങ്കോട്ട പാതയിൽ കിളികൊല്ലുരിനും ആര്യങ്കാവിനുമിടയിൽ സുരക്ഷാ പരിശോധന നടത്തി. ഈ ലൈനിൽ നിരന്തരമായി മരങ്ങൾ വീണ് സർവീസ് തടസപ്പെടുന്നത് കണക്കിലെടുത്താണ് പരിശോധന നടത്തിയത്. മരങ്ങൾ വീഴുന്നതിനെ തുടർന്നുള്ള ഭീഷണി കണക്കിലെടുത്ത് പാലരുവി എക്സ്പ്രസ് കൊല്ലത്തിനും തിരുനെൽവേലിക്കും ഇടയിൽ ഒരാഴ്ചത്തേക്ക് സർവീസ് നിർത്തിവച്ചിരിയ്ക്കുകയാണ്.
കൂടാതെ ഈ പാതയിൽ ട്രെയിനുകളുടെ വേഗത 30 കിലോമീറ്ററിൽ നിന്നും 20 ആയി കുറച്ചു. പ്രത്യേകം തയാറാക്കിയ ട്രോളിയിൽ ഇന്നലെ രാവിലെ 10.30 ഓടെ കിളികൊല്ലൂരിൽ നിന്നും ദക്ഷിണ റെയിൽവേയുടെ മധുര ഡിവിഷനിലെ സുരക്ഷാ ഉദ്യോഗസ്ഥർ ആണ് പരിശോധന നടത്തിയത്. ട്രാക്കിന് ഇരുവശവും റെയിൽവേ ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും നിൽക്കുന്ന മരങ്ങൾ അടിയന്തിരമായി മുറിച്ചു മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
മരം മുറിച്ചുമാറ്റാൻ സ്വകാര്യ വ്യക്തികൾക്ക് അടിയന്തിര നോട്ടീസ് നൽകും. ഗാട്ട് സെക്ഷൻ വരുന്ന ഇടമണിനും ഭഗവതിപുര ത്തിനും ഇടയ്ക്ക് ട്രാക്കിനോട് ചേർന്ന് വനഭൂമിയിൽ നിൽക്കുന്ന മരങ്ങൾ കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു.
വനം വകുപ്പാണ് ഈ മരങ്ങൾ മുറിച്ചു മാറ്റേണ്ടത്.ഇതിനായി വനംവകുപ്പിനും നോട്ടീസ് നൽകും. സുരക്ഷാ പരിശോധനയ്ക്ക് സീനിയർ ഡിവിഷൻ എഞ്ചിനീയർ ഐ.പ്രഭാകരൻ, ഡി വിഷൻ സേഫ്റ്റി കമ്മീഷണർ പി.ബാലചന്ദ്രൻ, ചെങ്കോട്ട സബ് ഡിവിഷൻ എൻഞ്ചീനീയർ ഉത്തമൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.