ഷൊർണൂർ: ആശുപത്രി ലാബ് ഉദ്ഘാടന വിവാദത്തിൽ എംപി, എംഎൽഎമാരിൽനിന്നും വിശദീകരണം തേടി. ഷൊർണൂർ സർക്കാർ ആശുപത്രിയിൽ വിവിധപദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എം.ബി.രാജേഷ് എംപിയും പി.കെ.ശശി എംഎൽഎയും തമ്മിലുണ്ടായ ആഭ്യന്തരവിവാദം പരസ്യമാക്കിയതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അപകീർത്തിയുണ്ടായെന്ന് ആരോപിച്ചാണ് ഇരുവരോടും ജില്ലാ നേതൃത്വം വിശദീകരണം തേടിയത്.
സംസ്ഥാന സർക്കാർ പദ്ധതി എംപിയും എംഎൽഎയുമാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന നിലപാടാണ് സ്ഥലം എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി പി.കെ.ശശിക്കുള്ളത്. എംപി ഉദ്ഘാടകനാകുന്നത് പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംപിയെ ചോദ്യം ചെയ്ത് എംഎൽഎ പാലക്കാട് ഡിഎംഒയെ വിളിച്ച് പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടി തന്റെ അമർഷം അറിയിച്ചു.
ഇതോടുകൂടി ആരോഗ്യവകുപ്പ് വെട്ടിലായി. എംപിയോട് ആശുപത്രി ലാബ് ഉദ്ഘാടനം ചെയ്യരുതെന്ന് ഡിഎംഒ നിർദേശിച്ചു. എംഎൽഎയുടെ നിർദേശപ്രകാരമാണിതെന്ന് വേദിയിൽ എം.പി.രാജേഷ് എംപി തുറന്നടിച്ചു. പ്രസംഗത്തിൽ ലാബ് ഉദ്ഘാടനം ചെയ്യുന്നില്ലെന്നും എംപി വ്യക്തമാക്കി. ലാബ്, ഡയാലിസിസ് സെന്റർ നിർമാണം, നവീകരിച്ച വാർഡുകൾ, പാലിയേറ്റീവ് കെയർ, ആശുപത്രി ഉപകരണങ്ങൾ ഏറ്റുവാങ്ങൽ എന്നിവയുടെ ഉദ്ഘാടനമാണ് എംപി നിർവഹിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ബാക്കിയെല്ലാം ഉദ്ഘാടനം ചെയ്യുന്നതായി പ്രഖ്യാപിച്ച എംപി ആശുപത്രി ലാബ് മാത്രം ഉദ്ഘാടനം ചെയ്തില്ല.
സംസ്ഥാന സർക്കാർ പദ്ധതിയായതിനാൽ ലാബ് ഉദ്ഘാടനം ഡിഎംഒ വിലക്കിയിരിക്കുകയാണെന്ന് എംപി തുറന്നടിച്ചതോടെ സദസിൽനിന്നും പ്രതിഷേധം ഉയർന്നിരുന്നു. പൊതുവേദിയിൽ എംപി ഇക്കാര്യം പറഞ്ഞതാണ് വിവാദങ്ങൾ ഉണ്ടാകാൻ കാരണമെന്ന് വ്യാപകമായി വിമർശനം ഉയർന്നു. അതേസമയം ആരോഗ്യവകുപ്പ് അധികൃതർ സംസ്ഥാന സർക്കാർ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന വാദത്തിൽ എംഎൽഎ ഉറച്ചുനില്ക്കുകയും ഉദ്ഘാടനം ഇല്ലെങ്കിലും ചൊവ്വാഴ്ച മുതൽ ലാബ് തുറന്നുപ്രവർത്തിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
അതേസമയം ലാബ് ഉദ്ഘാടനത്തിനു അനുമതി നല്കിയതുമായി ബന്ധപ്പെട്ട തീരുമാനം ചോദ്യംചെയ്ത് എംഎൽഎ വിളിച്ചിരുന്നതായി ഡിഎംഒ ഓഫീസ് അധികൃതർ വ്യക്തമാക്കി. ഇരുചെവിയറിയാതെ പരിഹരിക്കാമായിരുന്ന പ്രശ്നം പൊതുവേദിയിൽ ഉന്നയിച്ച വിവാദം ഉണ്ടാക്കിയത് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എംപി രാജേഷ് എംപിയാണെന്നാണ് വിമർശനം. ജില്ലയിലെ രണ്ടു പ്രധാന നേതാക്കൾ തമ്മിലുണ്ടായ പടലപിണക്കം പാർട്ടിക്ക് അവമതിയുണ്ടാക്കിയെന്നാണ് സിപിഎം വിലയിരുത്തൽ .