കോഴിക്കോട്: പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കി ഇന്ത്യൻ ശിക്ഷാ നിയമവും (ഐപിസി), അനുബന്ധ നിയമങ്ങളും ഭേദഗതിചെയ്ത് ഉത്തരവിറങ്ങി.
കഴിഞ്ഞ ഏപ്രിൽ 21ന് രാഷ്ട്രപതി വിളംബരംചെയ്ത 2018ലെ ക്രിമിനൽ നിയമ (ഭേദഗതി) ഓർഡിനൻസിന്റെ ചുവടുപിടിച്ചാണ് 1860ലെ ഇന്ത്യൻ ശിക്ഷാനിയമം, കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള 2012ലെ പോക്സോ നിയമം (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്), 1973ലെ ക്രിമിനൽ നടപടി നിയമസംഹിത(സിആർപിസി), 1872ലെ ഇന്ത്യൻ തെളിവുനിയമം(എവിഡൻസ് ആക്ട്) എന്നി നാലു പ്രധാന നിയമങ്ങളിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്.പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചാൽ അവർക്കു കടുത്ത ശിക്ഷ ഉറപ്പാക്കുന്നതാണ് ഭേദഗതികൾ.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഭേദഗതികൾ
ഇന്ത്യൻ ശിക്ഷാനിയമത്തിൽ ജാമ്യം അനുവദിക്കേണ്ടതില്ലാത്ത മൂന്നു പുതിയ കുറ്റങ്ങൾ നിലവിൽ വന്നു.
1) 376 എ ബി- പന്ത്രണ്ടു വയസിനു താഴെയുള്ള പെൺകുട്ടിയെ ബലാൽസംഗം ചെയ്താലുള്ള ശിക്ഷ.
2) 376 ഡി എ- 16 വയസിനു താഴെയുള്ള പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയാലുള്ള ശിക്ഷ.
3) 376 ഡി ബി – പന്ത്രണ്ടു വയസിനു താഴെയുള്ള പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയാലുള്ള ശിക്ഷ.
ഇന്ത്യൻ ശിക്ഷാനിയമം 376(3) വകുപ്പു പ്രകാരമുള്ള ഏറ്റവും കുറഞ്ഞ ശിക്ഷയായ ഏഴു വർഷമെന്നത് പത്തു വർഷമാക്കി ഉയർത്തി. ഐപിസി 376 എ ബി വകുപ്പിനു കീഴിൽ ബലാത്സംഗ കുറ്റത്തിന് നൽകാവുന്ന പരമാവധി ശിക്ഷ വധശിക്ഷ ആക്കി ഉയർത്തി.
സിആർപിസിയിലെ പ്രധാന ഭേദഗതികൾ
ഒരു കുട്ടി ബലാത്സംഗം ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയാക്കാനുള്ള കാലാവധി സിആർപിസി 173 ( ഒന്ന് എ) വകുപ്പിനു കീഴിൽ നിലവിലെ മൂന്നു മാസമെന്നത് രണ്ടുമാസമാക്കി കുറച്ചു. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യപ്പെടുന്ന തിയതി മുതൽ രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കിയിരിക്കണം. സിആർപിസി 197-ാം വകുപ്പുപ്രകാരം ബലാത്സംഗം പോലുള്ള കുറ്റങ്ങൾക്ക് നിലവിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല.
ഭേദഗതി പ്രകാരം ഇത് പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്ന കേസുകളിലും ബാധകമാക്കി . സിആർപിസി 374,377 വകുപ്പുകളിൽ ബലാത്സംഗ കേസുകളുടെ ശിക്ഷയുമായി ബന്ധപ്പെട്ട ഏതൊരു അപ്പീലും അത് ഫയൽ ചെയ്യുന്ന തിയതി മുതൽ ആറു മാസത്തിനകം തീർപ്പാക്കിയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന നാലാം ഉപവകുപ്പ് പുതുതായി കൂട്ടിച്ചേർത്തു.
സിആർപിസി 438-ാം വകുപ്പുമായി ബന്ധപ്പെട്ട മുൻകൂർ ജാമ്യ വ്യവസ്ഥിൽ, ഇന്ത്യൻ ശിക്ഷാനിയമം 376(3), 376-എ ബി , 376-ഡി എ , 376-ഡി ബി എന്നിവയിൽ ഉൾപ്പെടുന്നവർക്ക് യാതൊരു കാരണവശാലും മുൻകൂർ ജാമ്യം അനുവദിക്കില്ല. ഇതിന് വ്യവസ്ഥചെയ്യുന്ന മൂന്നാം ഉപവകുപ്പ് കൂട്ടിച്ചേർത്തു.
ഇന്ത്യൻ ശിക്ഷാനിയമം 376(3), 376-എ ബി, 376-ഡി എ , 376-ഡി ബി എന്നിവയിൽ ഏതെങ്കിലും വകുപ്പുപ്രകാരം കുറ്റാരോപിതനായ വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നതിനു മുൻപായി ഹൈകോടതിയോ, സെഷൻസ് കോടതിയോ ജാമ്യാപേക്ഷയിലുള്ള നോട്ടീസ്, പബ്ലിക് പ്രോസിക്യൂട്ടർക്ക് അപേക്ഷയിലുള്ള നോട്ടീസ് ലഭിച്ച തിയതി മുതൽ 15 ദിവസത്തിനകം നൽകിയിരിക്കേണ്ടതാണെന്ന രണ്ടാം ക്ലിപ്ത നിബന്ധന 439(ഒന്ന്) വകുപ്പിൽ കൂട്ടിച്ചേർത്തു.
കുറ്റാരോപിതനായ വ്യക്തിയുടെ ജാമ്യപേക്ഷ കേൾക്കുന്ന സമയത്ത് കേസുമായി ബന്ധപ്പെട്ട വിവരം നൽകിയ വ്യക്തിയുടെയോ,അദ്ദേഹം അധികാരപ്പെടുത്തിയ ആളുടെയോ സാന്നിധ്യം നിയമബദ്ധമാക്കുന്നതാണ് മറ്റൊരു പ്രധാന വ്യവസ്ഥ.നിയമഭേദഗതികൾ സംസ്ഥാനത്ത് നിലവിൽ വന്നതായി ഡിജിപിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഓർഡിനൻസിന്റെ പകർപ്പ് പോലീസ് വെബ്സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്.