കണ്ണൂർ: സംരക്ഷണ വാതിൽ തുറന്ന് അന്തേവാസികളായ കുട്ടികൾ ഇരുട്ടിൽ ഓടിമറയുന്നത് അധികൃതർക്ക് തലവേദനയാകുന്നു. കണ്ണൂർ നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെയുള്ള ചാലാട് ഡ്രീം ഷെൽട്ടർ ഹോമിൽനിന്ന് ഒരുമാസത്തിനിടെ എട്ടു വയസുകാരൻ ഉൾപ്പെടെ നാല് കുട്ടികളാണ് ചാടിപ്പോയത്.
പിന്നീട് രണ്ടു കുട്ടികളെ മയ്യിലിൽനിന്ന് കണ്ടെത്തി പോലീസ് തിരികെ എത്തിക്കുകയായിരുന്നു. ചാടിപ്പോയ മറ്റൊരു കുട്ടിയെ കോഴിക്കോടുനിന്നാണ് കണ്ടെത്തിയത്. കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തിന്റെ മേൽനോട്ടചുമതല ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കാണ്.
12 വർഷമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം അടിസ്ഥാനസൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ്.നഗരത്തിൽ അലഞ്ഞുതിരിയുന്ന കുട്ടികളെയും മാതാപിതാക്കൾ ഉപേക്ഷിച്ച കുട്ടികളെയുമാണ് ചാലാട് ഡ്രീം ഷെൽട്ടർ ഹോമിൽ താമസിപ്പിക്കുന്നത്. കുട്ടികൾക്ക് ആവശ്യമായ വിദ്യാഭ്യാസവും ഭക്ഷണവും നൽകുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. ആറു വയസിനും 18 നും ഇടയിലുള്ള 16 കുട്ടികളാണ് നിലവിൽ ഇവിടെയുള്ളത്.
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത
ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതാണ് കുട്ടികൾ ഇടയ്ക്കിടെ ചാടിപ്പോകാൻ കാരണമെന്നാണ് സമീപവാസികൾ പറയുന്നത്. ഇരുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഷെൽട്ടർ ഹോമിന് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയോ സുരക്ഷിതമായ ഗെയിറ്റോ ഇല്ല. മാത്രമല്ല രാത്രി കാവൽക്കാരില്ലാത്തതും സുരക്ഷാഭീഷണിയുയർത്തുന്നുണ്ട്. മാനേജരും രണ്ടു പാചകക്കാരികളും ഉൾപ്പെടെ അഞ്ചു ജീവനക്കാരാണ് ഇവിടെയുള്ളത്. കേന്ദ്രസർക്കാരിന്റെ കീഴിലാണെങ്കിലും റീസീവർ ഭരണമാണ് നിലവിലുള്ളത്. ഡ്രീം ഷെൽട്ടർ ഹോമിന്റെ ഭരണസമിതിയുടെ പിടിപ്പുകേടും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
പീഡനവും ഒളിച്ചോട്ടവും തുടരുന്നു
കഴിഞ്ഞ ദിവസം സഹോദരങ്ങളായ വിദ്യാർഥികളെ ഡ്രീം ഷെൽട്ടർ അധികൃതർ മർദിച്ചതായി കാട്ടി രക്ഷിതാക്കൾ ടൗൺ പോലീസിൽ പരാതി നൽകി. എട്ടും പതിനൊന്നും വയസുള്ള വിദ്യാർഥികളെയാണ് അധികൃതർ തൂണിന് ചേർത്ത് നിർത്തിമർദിച്ചതായി പറയുന്നത്. തുടർന്ന് ചികിത്സയിലായ കുട്ടികൾ പഠനം ഉപേക്ഷിച്ച് ചാടിപ്പോവുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകിയിട്ടുണ്ട്.
ആക്രി സാധനങ്ങൾ പെറുക്കി വില്പന നടത്തുന്ന ദന്പതിമാർ വാടകവീട്ടിൽ അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് മക്കളെ ഡ്രീം ഷെൽട്ടർ ഹോമിലേക്ക് നിർത്തിയത്. ചാലാട്ടെ സർക്കാർ സ്കൂളിലാണ് കുട്ടികൾ പഠിച്ചുകൊണ്ടിരുന്നത്. ചൂരലും വയറും ഉപയോഗിച്ചാണ് കുട്ടികളെ മർദിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇന്നലെ മറ്റൊരു കുട്ടിയും ഇവിടെ നിന്നും ചാടി പോയതായി ടൗൺ എസ്ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.
കുട്ടികൾ മികച്ചനിലയിൽ
തെരുവിൽ അലഞ്ഞുതിരിഞ്ഞ് എത്തിയ കുട്ടികൾ വിദ്യാഭ്യാസപരമായി എറെ മികവ് പുലർത്തുന്നതായി സ്കൂൾ അധികൃതർ. ചാലാട് ഗവ.യു.പി.സ്കൂളിലും കണ്ണൂർ എംടിഎം സ്കൂളിലുമാണ് കുട്ടികൾ പഠിക്കുന്നത്.
പഠനത്തിൽ മാത്രമല്ല കലാ-കായിക രംഗത്തും കുട്ടികൾ നിരവധി പുരസ്കാരങ്ങൾ വാങ്ങിയിട്ടുണ്ട്. സ്കൂൾ വിട്ട് ഷെൽട്ടർ ഹോമിൽ എത്തിയാൽ തൊട്ടടുത്ത അന്പലപ്പറന്പിൽ ഫുട്ബോളും ക്രിക്കറ്റും മറ്റും കളിക്കുന്നതും പതിവാണ്. രാത്രി പഠനത്തിനുശേഷമാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണത്തിന് വേണ്ടത്ര ഗുണനിലവാരമില്ലെന്നും പറയുന്നു.