ഗുരുവായൂർ: നഗരസഭയിൽ 2017ലെ ജല ബജറ്റിൽ പ്രഖ്യാപിച്ച ജല ഓഡിറ്റിംഗ് പൂർത്തീകരിച്ചു. ഇതിന്റെ വിശദാംശങ്ങൾ കൊച്ചി എസ്സിഎംഎസ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ കൗണ്‍സിൽ യോഗത്തിൽ വിശദീകരിച്ചു. ഒരു ദിവസം നഗരസഭയിൽ 47 ലക്ഷം ലിറ്റർ വെള്ളത്തിന്റെ ഉപയോഗം നടക്കുന്നതായി ഓഡിറ്റിൽ കണ്ടെത്തി. ഇതിൽ 25ലക്ഷം ലിറ്റർ വെള്ളം പുറത്തുനിന്നാണ് വരുന്നത്. ഗുണ നിലവാരം പരിശോധിക്കാത്ത 25ലക്ഷം ലിറ്റർ വെള്ളം ഗുരുവായൂരിൽ വിറ്റഴിക്കുന്നതായി അധികൃതർ കൗണ്‍സിലിനെ അറിയിച്ചു.
ഇത് അതീവ ഗുരുതരമാണ്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇത് ഇടയാക്കും. ആർക്കും എവിടെ നിന്നുള്ള വെള്ളവും ഗുരുവായൂരിൽ എത്തിക്കാം. ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങളില്ലെന്ന് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ കൗണ്‍സിലിനെ അറിയിച്ചു. ഗുണ നിലവാരമില്ലാത്ത 25 ലക്ഷം ലിറ്റർവെള്ളം ഗുരുവായൂരിൽ വിറ്റഴിക്കുന്നു എന്ന അതീവ ഗുരുതരമായ കണ്ടെത്തലിനെകുറിച്ച് കൗണ്‍സിൽ യോഗത്തിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്ന് ഭരണകക്ഷിയിലെ ടി.ടി. ശിവദാസൻ ആവശ്യപ്പെട്ടു.
ഈവിഷയം ചർച്ച ചെയ്യുന്നതിന് മാത്രമായി കൗണ്‍സിൽ യോഗം വിളിക്കാമെന്ന് ചെയർപേഴ്സണ്‍ പ്രഫ. പി.കെ. ശാന്തകുമാരി അറിയിച്ചു. ഗുരുവായൂർ ദേവസ്വത്തിന് നാല് ലക്ഷം ലിറ്റർ വെള്ളത്തിന്റെ ഉപയോഗമാണുള്ളത്. അഞ്ചര ലക്ഷം ലിറ്റർ വെള്ളമാണ് ഹോട്ടലുകളിലും ലോഡ്ജുകളിലുമായി ഉപയോഗിക്കുന്നത്. 68000 ലിറ്റർ കുപ്പിവെള്ളം ദിവസം വിറ്റഴിക്കുന്നുണ്ട്.
നഗരസഭയിൽ 33 പൊതുകുളങ്ങളുണ്ട്. ഇതിൽ രണ്ട് കുളങ്ങളാണ് ഉപയോഗിക്കാനാകുന്നത്. ബാക്കി കുളങ്ങൾ ഉപയോഗ ശൂന്യമാണ്. ഇത് ഉപയോഗ യോഗ്യമാക്കിയാൽ ജലദൗർലഭ്യം കുറക്കാനാകും. 144 പൊതുകിണറുകളിൽ 121 കിണറുകൾ ഉപയോഗിക്കുന്നതാണ്. നഗരസഭയിലെ 20 വാർഡുകളിലെ ജനങ്ങൾ ടാങ്കർ വെള്ളത്തെയാണ് ആശ്രയിക്കുന്നത്.
നിരവധി മാസങ്ങളെടുത്താണ് ജല ഓഡിറ്റ് പൂർത്തീകരിച്ചത്. രതീഷ് മേനോൻ, സണ്ണി ജോർജ് എന്നിവരാണ് ജല ഓഡിറ്റ് പഠനത്തിന് നേതൃത്വം നൽകിയത്.