ഇരിങ്ങാലക്കുട: യുഡിഎഫ് ഭരിക്കുന്ന ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയിൽ മോർച്ചറിയുടെ അറ്റകുറ്റപണികളും നവീകരണവും ഇടതുപക്ഷ അനുകൂല സന്നദ്ധ സംഘടനയ്ക്ക് കൈമാറേണ്ടിവന്നത് ഭരണനേതൃത്വത്തിന്റെ വിഷയത്തിലുള്ള അശ്രദ്ധ മൂലം.
മോർച്ചറിയിൽ എത്തുന്ന മൃതദേഹങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് മൂന്നു മാസങ്ങൾക്കു മുന്പ് മോർച്ചറി അടച്ചിട്ടത്. ഈ ഘട്ടത്തിൽ മോർച്ചറിയുടെ അറ്റകുറ്റപണികൾ ആശുപത്രി വികസനസമിതി തന്നെ ഏറ്റെടുത്ത് നടത്താനായിരുന്നു തീരുമാനം. ഒരു ലക്ഷത്തിൽ താഴെ രൂപയാണ് അറ്റകുറ്റപണികൾക്കായി എസ്റ്റിമേറ്റ് തയാറാക്കിയിരുന്നത്. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം ആശുപത്രി വികസനസമിതിയ്ക്ക് പണി നടത്താൻ കഴിയാതെ വന്നു.
ഈ ഘട്ടത്തിൽ മോർച്ചറിയുടെ സന്പൂർണ നവീകരണത്തിനായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ അഞ്ചുലക്ഷം രൂപയുടെ പദ്ധതി തയാറാക്കുകയും ചെയ്തു. ഇതിനിടയിലാണ് മാസങ്ങളായി അടച്ചിട്ടിരിക്കുന്ന മോർച്ചറി അടിയന്തരമായി തുറന്നുകൊടുക്കണമെന്നാവശ്യം മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ ഉയർന്നത്.
നഗരസഭയിൽ തനത് ഫണ്ട് കുറവാണെന്നും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള മോർച്ചറി നവീകരണം നീളുമെന്നും ഉറപ്പായതോടെ ആശുപത്രി അധികൃതർ സന്നദ്ധ സംഘടനകളെ ആശ്രയിക്കുകയായിരുന്നു. കഴിഞ്ഞവർഷം ആശുപത്രിയിൽ മികച്ച രീതിയിൽ പൊതുമരാമത്ത് പണികൾ നടത്തിയ പി.ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റിന് ഇക്കാര്യത്തിൽ മുൻഗണനയും ലഭിച്ചു.
വിഷയം കൈയിൽനിന്ന് വഴുതിപോയെന്ന് മനസിലാക്കിയ നഗരസഭാ ഭരണസമിതി അറ്റകുറ്റപണികൾക്കും നവീകരണത്തിനുമായി രണ്ടുതവണ മോർച്ചറി അടച്ചിടേണ്ടിവരുന്നത് ശരിയല്ലെന്ന് ആവശ്യപ്പെട്ടപ്പോൾ മോർച്ചറി നവീകരണം തന്നെയാണ് താങ്ങൾ ലക്ഷ്യമാക്കുന്നതെന്ന് പി.ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് ഭാരവാഹികളും വ്യക്തമാക്കി.
ഇതോടെ നഗരസഭാ ഭരണസമിതിയ്ക്ക് വേറെ നിവൃത്തിയില്ലാതെ മോർച്ചറി നവീകരണ പദ്ധതിയിൽനിന്നും ഒഴിയേണ്ടിവന്നു. നിരവധി സ്പോണ്സർമാരുടെ സഹായത്തോടെ മോർച്ചറി നവീകരണം ഉൾപ്പെടെയുള്ള മഹത്തായ പദ്ധതിയാണ് പി.ആർ. ബാലൻമാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ജനറൽ ആശുപത്രി നവീകരണ പ്രവർത്തനങ്ങളുടെയും മോർച്ചറി പുനർനിർമാണത്തിന്റെയും ഉദ്ഘാടനം ഇന്നലെ നടന്നു. പ്രഫ. കെ.യു. അരുണൻ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സണ് നിമ്യ ഷിജു അധ്യക്ഷത വഹിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് മുഖ്യാതിഥിയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഡോ. മിനി മോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാർ, ട്രസ്റ്റ് കോ-ഓർഡിനേറ്റർ യു. പ്രദീപ് മേനോൻ, ഡോ. കെ.പി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഐസിഎൽ ഫിൻകോർപ് എന്ന ധനകാര്യ സ്ഥാപനവുമായി സഹകരിച്ചാണു വികസനപ്രവർത്തനങ്ങൾ നടത്തുന്നത്.
ഇതിനാവശ്യമായ തുക ചടങ്ങിൽവെച്ച് ഐസിഎൽ ഫിൻകോർപ് സിഇഒ ഉമ അനിൽകുമാർ പ്രഫ. കെ.യു. അരുണൻ എംഎൽഎയ്ക്കു കൈമാറി. സിപിഎം ഏരിയ സെക്രട്ടറി കെ.സി. പ്രേമരാജൻ, കൗണ്സിലർമാരായ അഡ്വ. വി.സി. വർഗീസ്, സംഗീത ഫ്രാൻസിസ്, ട്രസ്റ്റ് സെക്രട്ടറി പി.എൽ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.