സ്വന്തംലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്തെ കലാലയങ്ങളിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ച് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി റിപ്പോര്‍ട്ട് തേടി. എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യു കോളജിനു മുന്നിൽ വധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് കലാലയ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള സംഘര്‍ഷങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം മേധാവി എഡിജിപി പി.കെ. വിനോദ്കുമാര്‍ നിര്‍ദേശം നല്‍കിയത്.
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കാമ്പസുകളിലെ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നും സര്‍ക്കാര്‍ ഹൈകോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ സത്യവാങ്മൂലം സമര്പ്പിക്കുന്നതിലേക്കാണ് ഇന്റലിജന്‍സ് വിവരങ്ങള്‍ ശേഖരിക്കുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓരോ റേഞ്ചുകളില്‍ നിന്നും ശേഖരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇന്ന് ഇന്റലജിന്‍സ് ആസ്ഥാനത്തെത്തും വിധത്തില്‍ തയാറാക്കി അയക്കാനാണ് നിര്‍ദേശം.
10 വര്‍ഷത്തെ കണക്കുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കലാലയങ്ങളിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ എത്രയുണ്ടെന്നും അതില്‍ പ്രതികകളായവര് ആരെല്ലാമാണെന്നുമുള്ള വിവരങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. കലാലയങ്ങളില്‍ നടന്ന രാഷ്ട്രീയ കൊലപാതകം, സംഘര്‍ഷം, അതില്‍ പരിക്കേറ്റവര്‍ , പ്രതികളുടെ ഇപ്പോഴത്തെ സ്ഥിതി, തുടങ്ങി എല്ലാവിവരങ്ങളും ശേഖരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എഡിജിപിയുടെ നിര്‍ദേശപ്രകാരം വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ഓരോവ്യക്തിക്കും കാമ്പസില്‍ ആശയപ്രചരണം നടത്താമെന്നും എന്നാല്‍ സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളജിനുള്ളില്‍ അനുവദിക്കാനാവില്ലെന്നും ഹൈകോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കലാലയ രാഷ്ട്രീയം നിരോധിക്കണമെന്നും കലാലയങ്ങളിലെ രാഷ്ട്രീയം നിരോധിച്ചുകൊണ്ട് നേരത്തെ ഇറക്കിയ ഉത്തരവ് ശക്തമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈകോടതി ഡിവിഷൻ ബഞ്ചിന്റെ മുന്‍കാല വിധി നടപ്പാക്കാത്തതിന്റെ പരിണിത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകമെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. അതേസമയം അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കാമ്പസുകളിലെ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.