മലവെള്ളം പാഞ്ഞു വന്നപ്പോള്‍ വീടിന്റെ കാവലായി നിന്ന നായയെ കൂട്ടില്‍ പൂട്ടിയിട്ട് വീട്ടുകാര്‍ പോയി, മരണത്തിന്റെ വക്കോളമെത്തിയ നായയ്ക്ക് പുനര്‍ജന്മമേകി ഡോഗ് ലവേഴ്‌സ്, ആ അതിജീവനത്തിന്റെ കഥയിങ്ങനെ

കോട്ടയം താഴത്തങ്ങാടിയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ തനിച്ചായിപ്പോയ നായയുടെ കഥയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മഴയില്‍ വെള്ളം കയറിയപ്പോള്‍ സ്വന്തം തടി രക്ഷിക്കാന്‍ ഓടുന്നതിനിടയില്‍ വര്‍ഷങ്ങളോളം തങ്ങളുടെ കാവലാളായിനിന്ന നായയെ വീട്ടുകാര്‍ മറന്നു. കൂട്ടില്‍ പൂട്ടിയിട്ട നായ അരയ്‌ക്കൊപ്പം വെള്ളത്തില്‍ രണ്ടു ദിവസമായി മുങ്ങി കിടക്കുകയായിരുന്നു. ഒന്നു തിരിഞ്ഞ് നോക്കിയിരുന്നെങ്കില്‍ ഉറപ്പായും അതിനെ രക്ഷിക്കാന്‍ അവര്‍ക്ക് തോന്നിയെനെ. തന്നെ തനിച്ചാക്കില്ല അവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാകും ഒന്ന് കുരച്ച് ശബ്ദംപോലുമുണ്ടാക്കാതെ അവന്‍ അങ്ങനെ കിടന്നത്.

രണ്ടു ദിവസമായി വെള്ളത്തില്‍ മുങ്ങി കിടക്കുന്ന നായയുടെ ദയനീയ അവസ്ഥ കണ്ട് മൃഗസ്‌നേഹികളാണ് നായയെ രക്ഷിച്ചത്. ഇക്കാര്യം ഡോഗ് ലവേഴ്‌സ് കേരള എന്ന പേജില്‍ പങ്കുവച്ചതോടെ ഈ സ്‌നേഹത്തിന് കേരളം നെഞ്ചോട് ചേര്‍ത്തു. ഏകദേശം ഒന്നര കിലോമീറ്ററോളം അരയൊപ്പം വെള്ളത്തിലൂടെ നടന്നാണ് ഞങ്ങള്‍ അവന്റെ അടുത്ത് എത്തിയത്. ഞങ്ങള്‍ അവിടെ എത്തുമ്പോഴേക്ക് തീര്‍ത്തും അവശ നിലയിലായിരുന്നു അവന്‍.

കൂട്ടില്‍ കിടന്ന ഒരു തടി കഷണത്തില്‍ പിടിച്ച് തല മാത്രം വെള്ളത്തിന് മുകളില്‍ ഉയര്‍ത്തി പിടിച്ചു കൂട്ടില്‍ നിലക്കുകയായിരുന്നു ആ പാവം. ഉടന്‍ തന്നെ ഞങ്ങള്‍ അവനെ പുറത്തെടുത്തു. ശരീരം മുഴുവന്‍ മരവിച്ച അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ അവനെ പുറത്തെടുത്തു. ശരീരം മുഴുവന്‍ മരവിച്ച അവസ്ഥയിലായിരുന്നു. വേഗം തന്നെ അവനെ ഹോസ്പിറ്റലില്‍ എത്തിച്ചു വേണ്ട ചികിത്സ നല്‍കുകയും അവന്റെ ദേഹം ചൂട് പിടിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ അവന്‍ ഭക്ഷണം ഒക്കെ കഴിച്ചു ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നു- ഡോഗ് ലവേഴ്‌സ് അംഗങ്ങള്‍ പറയുന്നു. കാവല്‍ നിന്ന വീട്ടുകാര്‍ കാണിക്കാത്ത ദയയും സ്‌നേഹവും ഒരുകൂട്ടം മനുഷ്യരില്‍ നിന്ന് കിട്ടിയ സന്തോഷത്തിലാണ് ഈ നായ.

Related posts