ചിങ്ങവനം: ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ വ്യാജ രേഖകൾ ഉണ്ടാക്കി ഒരു കോടി രൂപയോളം വായ്പ തട്ടിപ്പ് നടത്തിയെന്ന കേസിൽ കോടിമതയിലെ ബാങ്ക് ഓഫ് ബറോഡയിലെ മുൻ അസിസ്റ്റന്റ് മാനേജരെ ചിങ്ങവനം പോലീസ് അറസ്റ്റു ചെയ്തു. പാലാ മങ്കൊന്പ് സ്വദേശി ഐൻസ്റ്റീൻ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. തിരുവല്ല സ്വദേശിനി ഗീത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിങ്ങവനം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. പലപ്പോഴായി ഇയാൾ ബന്ധുക്കളുടെയും പരിചയക്കാരുടെയും പേരിൽ വ്യാജ അക്കൗണ്ടുകൾ എടുത്ത് വായ്പകൾ എടുക്കുകയായിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടപടികളുടെ ഭാഗമായി നോട്ടീസുകളും മറ്റു അറിയിപ്പുകളും പലപ്പോഴായി വായ്പക്കാരുടെ പേരിൽ ചെന്നപ്പോഴാണ് സംഭവം അറിയുന്നത് .
കൂടുതൽ വിവരങ്ങൾക്കായി ബാങ്കിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തായത്. പിന്നീട് ഇവർ പലപ്പോഴായി പരാതി നൽകുകയായിരുന്നു. കൂടുതൽ ആളുകൾ തട്ടിപ്പിനിരയായിട്ടുണ്ടാകുമെന്ന് കരുതുന്നു. ബാങ്ക് നടപടികളുടെ ഭാഗമായി നോട്ടീസുകൾ ലഭിക്കുന്ന മുറയ്ക്കു തട്ടിപ്പിന് ഇരയായവർ എത്തിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു.