കാൻസർ രോഗത്തിന്റെ പിടിയിലമർന്ന് ഓരോ നിമിഷവും വേദനയിൽ ജീവിക്കുന്ന തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി നന്ദുവിനെ അറിയാത്തവർ വിരളമാണ്.
സൂചി കുത്തികയറുന്ന വേദനയിലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുവാനുള്ള നന്ദുവിന്റെ ആത്മധൈര്യം പ്രതിസന്ധിഘട്ടങ്ങളിൽ തളർന്നു പോകുന്ന ഓരോരുത്തർക്കും പ്രചോദനമാണ്. ഇപ്പോഴിതാ നന്ദുപാടിയ ഒരു മനോഹര ഗാനം സാമൂഹ്യമാധ്യമങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.
കീമോ വാർഡിൽ നിന്നും നേരെ പോയി പാടിയ പാട്ടാണിതെന്ന് നന്ദു പറയുന്നു. മാത്രമല്ല എന്റെ തിരിച്ചുവരവിനു വേണ്ടി പ്രാർഥിച്ച ഓരോരുത്തർക്കും നന്ദിയും പറയുന്നു. കത്രീന വിജിമോൾ രചിച്ച വരികൾക്ക് ഈണം നൽകിയത് മുരളി അപ്പാടത്താണ്.
കൂടാതെ തന്റെ ആഗ്രഹം പൂർത്തീകരിക്കുവാൻ മുൻകൈ എടുത്ത പ്രജോഷ് രാധാകൃഷ്ണനും നന്ദു നന്ദി അറിയിക്കുന്നു. ഫേസ്ബുക്കിലാണ് നന്ദു ഈ വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ വർഷം കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കാൽമുട്ടിനുണ്ടായ വേദന പിന്നീട് കാൻസറിന്റെ രൂപത്തിലേക്കു മാറുകയായിരുന്നു. തുടർന്ന് ഇടതു കാലും നന്ദുവിന് നഷ്ടമായി. കാൻസർ രോഗം ബാധിച്ച് ജീവിക്കുന്ന നിരവധിയാളുകൾക്ക് തന്റെ ജീവിതം ഒരു പ്രചോദനമായി മാറണമെന്നാണ് നന്ദുവിന്റെ ആഗ്രഹം.
മനശക്തികൊണ്ടും പ്രാർഥനകൾകൊണ്ടും ഉയർത്തെഴുന്നേറ്റവനാണ് ഞാനെന്ന് നന്ദു അഭിമാനത്തോടെ പറയുന്നു.