ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കം ആഘോഷമാക്കി കുറേപ്പേർ. കരകവിഞ്ഞൊഴുകുന്ന വെള്ളം കാണാനും സെൽഫിയെടുക്കാനുമായി നിരവധി പേരാണ് കുട്ടനാടൻ മേഖലയിലേക്ക് വള്ളത്തിലും വാഹനങ്ങളിലുമൊക്കെയായി എത്തുന്നത്.
ഇത് അപകടങ്ങൾക്ക് വഴിവച്ചേക്കുമോയെന്ന ആശങ്കയും അധികൃതർക്കുണ്ട്. സൈക്കിളുകളിൽ വെള്ളക്കെട്ടിൽ കളിക്കുന്ന കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇതിൽ ഒട്ടും പിന്നിലല്ല. ഇതിനിടെ മുതലാക്കാനെത്തുന്നവരുടെ എണ്ണവും കുറവല്ല.
വെള്ളക്കെട്ടിൽ ചെറിയ വള്ളങ്ങളിറക്കി യാത്രക്കാരെ അക്കരയിക്കരെ കടത്തി ഒരു തുക ഫീസീടാക്കുന്നവരും കുട്ടനാട്ടിലെ കാഴ്ചയാണ്. മോട്ടോർ സൈക്കിളുകൾ ട്രാക്ടറുകളിലും വള്ളങ്ങളിലും കയറ്റി നിശ്ചിത തുക ഈടാക്കി വെള്ളക്കെട്ടിന്റെ അക്കരെ എത്തിച്ചു കൊടുക്കുന്നവരും കുറവല്ല.
എസി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു കിഴക്കും പടിഞ്ഞാറും ഭാഗങ്ങളിലും പൊങ്ങയിലും നെടുമുടി പൂപ്പള്ളി ജംഗ്ഷനിലും മങ്കൊന്പ് കൃഷ്ണപിള്ള സ്മാരകം മുതൽ നസ്രത്ത് ജംഗ്ഷൻ വരെയും മങ്കൊന്പ് ജംഗ്ഷനിലും പള്ളിക്കൂട്ടുമ്മ മുതൽ ഒന്നാംകര വരെയും മാന്പുഴക്കരിയിലും കിടങ്ങറയിലും മനയ്ക്കച്ചിറ മുതൽ പൂവം പാലം വരെയുമുള്ള മേഖലകളിൽ കാര്യമായ വെള്ളക്കെട്ടാണുള്ളത്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു കന്പനി കുട്ടനാടൻ മേഖലയിൽ രക്ഷാപ്രവർത്തനത്തിനുണ്ട്.