കൊല്ലം: അഞ്ചലിൽ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തിയ ബംഗാൾ സ്വദേശി മാണിക്കിന്റെ ഭാര്യയെ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെത്തുടർന്ന് ചികിത്സയ്ക്ക് വിധേയയാക്കി. സംസ്ക്കരിക്കാൻ ബംഗാളിൽ എത്തിച്ച മാണിക്കിന്റെ മൃതദേഹം കണ്ടപ്പോഴാണ് ഭാര്യ മാനസിക വിഭ്രാന്തി കാട്ടിയത്.
തുടർന്ന് ഇവരെ ചികിത്സക്ക് വിധേയയാക്കി.വളരെ ദരിദ്രമായ കുടുംബം ഇപ്പോൾ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് മാണിക്കിന്റെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. ദാരിദ്ര്യവും ദുരിതവും നിറഞ്ഞ കുടുംബ ജീവിതം മാറ്റാൻ വേണ്ടി ആണ് മാണി ജോലി തേടി കേരളത്തിലേക്ക് എത്തിയത്.
വിവാഹത്തിനായി മാണിക് ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നു. അത് ഒരു ലക്ഷത്തിനു മുകളിൽ ആയി.തിരിച്ചു അടവ് മുടങ്ങിയാൽ കയറി കിടക്കാനുള്ള ഒറ്റ മുറി വീടും 2 സെന്റ് വസ്തുവും നഷ്ടമാകും.ഈ തുക എങ്ങനെ അടച്ചു തീർക്കും എന്ന് ഈ കുടുംബത്തിന് ഇനി യാതൊരു നിശ്ചയവുമില്ല.
ബംഗാൾ മാൾഡ സ്വദേശിയായ മണിക് റോയി(50) ആണ് അഞ്ചലിൽ മർദനമേറ്റ് മരിച്ചത്. വിലയ്ക്ക് വാങ്ങികൊണ്ടുപോയ കോഴിയെ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംഘംചേർന്ന് ചിലർ മർദിക്കുകയായിരുന്നു. മർദനമേറ്റ് അവശനിലയിലായ ഇയാളെ മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മധ്യേയായിരുന്നു അന്ത്യം.
അന്യസംസ്ഥാന തൊഴിലാളി മർദനമേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് യൂത്തുകോൺഗ്രസ് പ്രവർത്തകനായ ആസിഫ്, ശശിധരക്കുറുപ്പ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.