മിസ്റ്റര്‍ ബീനായി തിളങ്ങിയ റൊവാന്‍ അക്റ്റിന്‍സണ്‍ അന്തരിച്ചു! ഇങ്ങനെയൊരു വ്യാജവാര്‍ത്ത കണ്ടാല്‍ ലിങ്ക് തുറക്കരുത്; പണം തട്ടുന്ന സംഘത്തിനെതിരെ മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

പ്രശസ്തരും പ്രഗത്ഭരുമായവര്‍ മരിച്ചുവെന്ന തരത്തില്‍ വിശ്വസനീയമായ വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് ഇപ്പോള്‍ പതിവാണ്. കുറേപ്പേരുടെയങ്കിലും ഹോബിയായി മാറിയിരിക്കുകയാണിപ്പോള്‍ ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നത്.

സമൂഹമാധ്യമങ്ങളുടെ സമാനതകളില്ലാത്ത പ്രചാരമാണ് ഇതിന് കാരണമാവുന്നതും. മരിച്ചു എന്ന തരത്തിലുള്ള വ്യാജവാര്‍ത്തയ്ക്ക് ഏറ്റവും ഒടുവിലായി ഇരയായിരിക്കുന്നത്, ലോകമെമ്പാടുമുള്ള ടി.വി പ്രേക്ഷകരുടെ പ്രിയതാരം ‘മിസ്റ്റര്‍ ബീനാ’ണ്.

‘മിസ്റ്റര്‍ ബീനാ’യി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്ന റൊവാന്‍ അക്റ്റിന്‍സണ്‍ മരിച്ചു എന്ന തരത്തില്‍ ഒരു ന്യൂസ് ലിങ്ക് ബുധനാഴ്ച മുതല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്റ്റണ്ട് സീന്‍ ചിത്രീകിരിക്കുന്നതിനിടെ ലോസ് ഏയ്ഞ്ചല്‍സിലുണ്ടായ കാറപകടത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്ത.

ഫോക്സ് ന്യൂസിന്റെ പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്തയിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കമ്പ്യൂട്ടറും മൊബൈല്‍ ഫോണും ഹാക്ക് ചെയ്യപ്പെടുമെന്നും നമ്മുടെ രഹസ്യവിവരങ്ങള്‍ ചോരുമെന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണിപ്പോള്‍ വിദഗ്ധര്‍. ലോകമെമ്പാടും ആരാധകരുള്ള നടനായതു കൊണ്ടാണ് റൊവാന്‍ അക്റ്റിന്‍സണിനെ തട്ടിപ്പുകാര്‍ ഇരയാക്കിയതെന്നാണ് വിശദീകരണം.

ഫോക്സ് തന്നെയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. വൈറസ് കയറിയാല്‍ ഒരു സപ്പോര്‍ട്ടിംങ് നമ്പറില്‍ വിളിക്കാന്‍ ആവശ്യപ്പെടും. അതിലേക്ക് വിളിച്ചാല്‍ ശരിയാക്കണമെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ആവശ്യപ്പെടും. അതു നല്‍കിയില്‍ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Related posts