മുതലമട: ജില്ലയിലെ മിക്ക അണക്കെട്ടുകളും നിറഞ്ഞു കവിയുന്പോഴും പഞ്ചായത്തുകളിലുള്ള ലക്ഷകണക്കിനു ഉപഭോക്താക്കൾക്കു കുടിവെള്ളം വിതരണം ചെയ്യുന്ന മീങ്കര ജലസംഭരണിയിൽ ഇപ്പോഴും ജലനിരപ്പു കുറഞ്ഞുതന്നെ. നിലവിൽ 21 അടി വെള്ളമാണ് അണക്കെട്ടിലുള്ളത്. ഇതുവരെ അണക്കെട്ടിന്റെ സംഭരണശേഷിയുടെ മൂന്നിലൊന്നുപോലും വെള്ളമായില്ല.
വടക്കൻ മേഖലയിൽ പെയ്ത മഴ തെക്കുഭാഗത്തെ മീങ്കരയിലുണ്ടാകാത്തതും ഈ ദുഃസ്ഥിതിക്കു കാരണമായിരിക്കുകയാണ്. മലയോരമേഖലയിൽ മഴ ലഭിച്ചതിനാൽ പലകപ്പാണ്ടിയിലും മറ്റു നീർച്ചാലുകൾ വഴി ചുള്ളിയാർ അണക്കെട്ടിലും വെള്ളം കുത്തനെ ഉയർന്നിട്ടുണ്ട്. ഇപ്പോൾ 42 അടിവെള്ളം ചുള്ളിയാറിലെത്തിയിട്ടുണ്ട്.
മൂലത്തറ റഗുലേറ്റർ നിർമാണംമൂലം വെള്ളംവിടാൻ കഴിയില്ലെന്നതും മീങ്കരയിൽ വെള്ളം ഉയരാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. ഈ സ്ഥിതി തുടർന്നാൽ അഞ്ചു പഞ്ചായത്തു പ്രദേശങ്ങളിലേക്കുമുള്ള കുടിവെള്ളവിതരണം അടുത്ത വേനലിൽ നിലയ്ക്കുമോ എന്നതാണ് ജനങ്ങളുടെ ആശങ്ക.
നിലവിൽ മൂലത്തറയിലെത്തുന്ന മഴവെള്ളം ചിറ്റൂർ പുഴയിലൂടെ കടലിലേക്ക് ഒഴുകിപോകുകയാണ്. മീങ്കര-ചുള്ളിയാർ ജലസംരക്ഷണസമിതി ചിറ്റൂർ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെയും ജില്ലാ കളക്ടറെയും കണ്ട് മീങ്കരയിലേക്കു വെള്ളം എത്തിക്കണമെന്ന് നിവേദനം നല്കിയിരിക്കുകയാണ്.
അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനാൽ വിവിധ കർഷകസംഘടനകൾ ഉൾപ്പെട്ട ജലസംരക്ഷണസമിതിയെ നിരാശപ്പെടുത്തിയിരിക്കുകയാണ്. കടലിലേക്ക് ഒഴുകിപോകുന്ന മഴവെള്ളംപോലും മീങ്കരയിലേക്ക് എത്തിക്കാൻ നടപടിയുണ്ടാകാത്തത് അഞ്ചു പഞ്ചായത്ത് പ്രദേശങ്ങളുടെ പ്രതിഷേധത്തിനു കാരണമായി.
മൂലത്തറ റഗുലേറ്ററിനുസമീപം കന്പാലത്തറ കനാലിലേക്ക് വെള്ളംവിടാൻ മണൽചാക്കുകൾ നിരത്തി താത്കാലിക സൗകര്യം ഏർപ്പെടുത്തണമെന്നും ജനങ്ങൾ ആവശ്യപ്പെട്ടു. ഇതിനിടെ ആളിയാർ അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ ഉയർന്നു. ജലസംഭരണശേഷിയുടെ 90 ശതമാനം വെള്ളം ആളിയാറിൽ നിലവിലുണ്ട്. 111.8 അടിവെള്ളമാണ് ജലസംഭരണിയിലുള്ളത്.
പറന്പിക്കുളം മേഖലയിലും ആളിയാർ വൃഷ്ടിപ്രദേശത്തും മഴ തുടർന്നാൽ ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടാകും. കുടിവെള്ളത്തിനായി സംഘടനകൾ വേനൽക്കാലത്താണ് സമരരംഗത്തിറങ്ങാറുള്ളത്. എന്നാൽ ഇത്തവണ മഴക്കാലത്തുതന്നെ കുടിവെള്ളമെത്തിക്കാൻ ജനങ്ങൾ രംഗത്തുവരുമെന്നാണ് സൂചന.
കേരള വാട്ടർ അഥോറിറ്റി ലക്ഷങ്ങൾ ചെലവഴിച്ച് കഴിഞ്ഞമാസം കുടിവെള്ള പന്പിംഗ് സ്റ്റേഷൻ ബഡിംഗ് പുനർനിർമാണം നടത്തിയിരുന്നു. കഴിഞ്ഞ പതിനഞ്ചുവർഷമായി കുടിവെള്ളത്തിനുണ്ടാകുന്ന നിറവ്യത്യാസത്തിനും ദുർഗന്ധത്തിനും ഇതുവഴി പരിഹാരമായി.
മീങ്കരയിലേക്ക് വെള്ളമെത്തിക്കുന്നതിനു ജനപ്രതിനിധികളും അവഗണന തുടരുകയാണ്. മവെള്ളമെത്തിക്കാൻ നടപടി ആവശ്യപ്പെട്ട് ജലസേചന മന്ത്രി, മുഖ്യമന്ത്രി എന്നിവരെ കാണാനും കർഷക സംഘടനകൾ ആലോചിക്കുന്നു.