പാലക്കാട്: മലന്പുഴ നൂറടി റോഡിൽ 22 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ പാലക്കാട് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരുനാവായ കൊടക്കൽ സ്വദേശികളായ അഴകത്ത് കളത്തിൽ സുധീഷ് (25 ) ശരത് (21) മനീഷ് (19) എന്നിവരെയാണ് നോർത്ത് എസ്ഐ ആർ.രഞ്ജിത്തും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
കോയന്പത്തൂരിൽ നിന്നും മലബാർ കേന്ദ്രീകരിച്ച് വിപണനത്തിന് കാറിൽ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ജില്ലയിൽ അടുത്ത കാലത്തെ ഏറ്റവും വലിയ കഞ്ചാവു വേട്ടയാണിത്. സുധീഷിന്റെ ഉടമസ്ഥതയിലുള്ള ആൾട്ടോ കാറിലാണ് കഞ്ചാവ് കടത്തിയത്. കാറും കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 11 ലക്ഷം രൂപയോളം വില വരും. ഒരു കിലോ 6000 രൂപക്ക് കിട്ടുന്ന കഞ്ചാവ് 50,000 രൂപക്കാണ് വിറ്റഴിക്കുന്നത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികളെയും അന്യ സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും കച്ചവടം നടക്കുന്നത്.
10 ഗ്രാം കഞ്ചാവ് പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. ആന്ധ്രപ്രദേശ്, ഒറീസ എന്നിവിടങ്ങളിൽ നിന്നും ലോഡ് കണക്കിന് കഞ്ചാവാണ് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ കന്പം ,തേനി , പെരിയകുളം, മധുര, ദിണ്ടുഗൽ, ചെന്പട്ടി, പഴനി , ഈറോഡ്, നാമക്കൽ, തിരുപ്പൂർ, കോയന്പത്തൂർ,സേലം, ഒട്ടൻ ഛത്രം, ഉടുമൽപേട്ട്, ആനമല എന്നീ സ്ഥലങ്ങളിൽ നിന്നുമാണ് പ്രധാനമായും കേരളത്തിലേക്ക് കഞ്ചാവ് കൊണ്ടുവരുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ 100 കിലോയോളം കഞ്ചാവ് പിടിച്ചെടുക്കുകയുണ്ടായി.