കൊല്ലം: പോലീസ് നടത്തിയ തെരച്ചിലിൽ പിടികിട്ടാപ്പുള്ളികളും വാറണ്ട് പ്രതികളും പിടിയിലായി. ഇന്നലെ വൈകുന്നേരം നാലുമുതൽ രാത്രി ഒന്പത് വരെ നടത്തിയ പ്രത്യേക കോന്പിംഗ് ഓപ്പറേഷനിലാണ് പിടികിട്ടാപുള്ളികളായ 11 ഓളം പേരെയും വിവിധ കേസുകളിലായി 130 വാറണ്ട് പ്രതികളേയും അറസ്റ്റ് ചെയ്തത്.
നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിനും നിരോധിത മയക്കുമരുന്നുകൾ ഉപയോഗിച്ചതിനും നാല് പേർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തു. മദ്യപിച്ച് വാഹനം ഓടിച്ചതിന് 76 പേർക്കെതിരെയും അലക്ഷ്യമായി വാഹനം ഓാടിച്ചതിന് 19 പേർക്കെതിരേയും പൊതുനിരത്തിൽ മദ്യപിച്ച് കലഹം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും 23 പേർക്കെതിരേയും കേസെടുത്തു.
വാഹന പരിശോധന നടത്തിയതിൽ 789 പേർക്കും പൊതുസ്ഥലത്ത് പുകവലിച്ചതിന് 38 പേർക്കും പിഴ ചുമത്തി. സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശപ്രകാരം സബ് ഡിവിഷണൽ ഓഫീസർമാരായ കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസിപി മാരുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തി നടത്തിയ പ്രത്യേക പരിശോധനയിലാണ് വിവിധ കേസുകൾ രജിസ്റ്റർ ചെയ്തത്. വരുംദിവസങ്ങളിൽ ഇത്തരം അപ്രതീക്ഷിത പരിശോധനകൾ ജില്ലയിൽ തുടരുമെന്ന് കമ്മിഷണർ അറിയിച്ചു.