പയ്യന്നൂർ: രാമന്തളി കക്കംമ്പാറ, ചിറ്റടി മേഖലയിൽ ബോംബ് നിർമാണവും പരീക്ഷണങ്ങളും നടക്കുന്നുണ്ടെന്നു സൂചന. ഇന്നലെ ഉഗ്രശേഷിയുള്ള രണ്ടു സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തിയതോടെയാണു പോലീസിന് ഇതു സംബന്ധിച്ച സൂചനകൾ ലഭിച്ചത്. നിരവധി ദിവസങ്ങളിൽ സ്ഫോടനങ്ങൾ അരങ്ങേറിയ ചിറ്റടിയിലെ പൂട്ടിക്കിടക്കുന്ന പീടികയ്ക്കു സമീപത്തെ ചെങ്കൽപണയിൽ നിന്നാണ് ഒരു സ്റ്റീൽ ബോംബും ബോംബ് നിർമാണത്തിന് ഉപയോഗിക്കുന്ന സ്റ്റീൽ കണ്ടെയ്നറും കണ്ടെത്തിയത്.
ഇതിനു ശേഷം കക്കംപാറ ജംഗ്ഷനു സമീപം ടോപ് റോഡാരംഭിക്കുന്ന വളവിൽ റോഡരികിലെ കുറ്റിക്കാട്ടിൽ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു രണ്ടാമത്തെ ബോംബ് കണ്ടെത്തിയത്. ഇന്നലെ കക്കംപാറയിൽ നിന്നും ചിറ്റടിയിൽ നിന്നും പിടികൂടിയത് അത്യുഗ്രശേഷിയുള്ള സ്റ്റീൽബോംബുകളാണെന്നു ബോംബ് സ്ക്വാഡ് എസ്ഐ ടി.വി.ശശീധരൻ പറഞ്ഞു.
ഇതിൽ തന്നെ മാരക സ്ഫോടന ശേഷിയുള്ളതാണു സിലിണ്ടർ ആകൃതിയിലുള്ള ഒരു ബോംബെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രദേശങ്ങളിൽ ബോംബ് നിർമാണം നടക്കുന്നുവെന്നു മാത്രമല്ല സ്ഫോടന ശേഷി കൂട്ടുന്നതിനുള്ള ഗവേഷണങ്ങളും നടക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതു നൽകുന്നത്. ബസ് സർവീസുള്ള റോഡരികിലെ കുറ്റിക്കാടുകളിൽ പോലും ബോംബുകൾ ഒളിപ്പിച്ചുവച്ചിരിക്കുന്നതു ജനങ്ങൾ ഭീതിയോടെയാണു കാണുന്നത്.
ചിറ്റടിയിലെ നൂറുകണക്കിന് ഏക്കർ കാടും കല്ലുവെട്ടുകുഴികളും നിറഞ്ഞതും ജനവാസമില്ലാത്തതുമായ പ്രദേശത്താണ് ഇടക്കിടെ ബോംബ് സ്ഫോടനങ്ങൾ നടന്നിരുന്നത്. എന്നാൽ വെടിമരുന്ന് കടലാസിൽ കെട്ടിപൊട്ടിക്കുന്നതാണെന്ന വിശദീകരണത്തോടെ സംഭവത്തെ നിസാരവൽക്കരിക്കുകയായിരുന്നു പോലീസ്. പിന്നീട് നടത്തിയ പരിശോധനകളിൽ നിന്നും പൊട്ടുന്നതു ബോംബ് തന്നെയാണെന്നു പോലീസ് സ്ഥിരീകരിച്ചിരുന്നു.
ഇതേ തുടർന്നു ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം മാസങ്ങളോളം രാത്രികാല പട്രോളിഗ് ഉൾപ്പെടെ നടത്തിയിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ സമീപത്തെ ചില ചെറുറോഡുകളിൽ രാത്രികാലങ്ങളിൽ കാറുകൾ വന്നു കിടക്കുന്നതും അപരിചിതരെ കണ്ടതായും പ്രദേശവാസികൾ പറഞ്ഞിരുന്നു. സമീപവാസികളിൽ ചിലരുടെ ഒത്താശയോടെ പുറമെ നിന്നെത്തുന്ന ബോംബ് നിർമാണ വിദഗ്ധരാണ് ഇവിടെ ബോംബ് നിർമാണവും പരീക്ഷണങ്ങളും നടത്തിയിരുന്നതെന്നാണു ലഭിക്കുന്ന സൂചന.
ജനവാസം കുറഞ്ഞ ഈ പ്രദേശങ്ങളിൽ നിന്നു ബോംബുകൾ നിർമിച്ചു മറ്റു സ്ഥലങ്ങളിലേക്കു കൊണ്ടുപോകുന്നുവെന്നും സൂചനയുണ്ട്.ഗോളാകൃതിയോടു സാമ്യമുള്ള സ്റ്റീൽ കണ്ടെയ്നറുകളിൽ നിർമിച്ച ബോംബുകളാണു സാധാരണഗതിയിൽ കണ്ടുവരുന്നതെങ്കിലും ഇന്നലെ കണ്ടെടുത്ത ഒരു ബോംബ് അമിട്ടുകുറ്റിയുടെ രൂപത്തിലുള്ള അതിശക്തിയേറിയ ഇനമായിരുന്നു.
ബോംബ് കണ്ടെത്തിയ സംഭവത്തിൽ സിപിഎമ്മും ബിജെപി പരസ്പരം പാഴിചാരി കൊണ്ടുള്ള പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. ഇരുകൂട്ടരും സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. അത്യുഗ്രശേഷിയുള്ള ബോംബുകൾ കണ്ടെത്തിയ സംഭവത്തിൽ പയ്യന്നൂർ പോലീസ് കേസെടുത്തു. പ്രശ്നത്തെ അത്യന്തം ഗൗരവത്തോടെയാണു കാണുന്നതെന്നും കേസന്വേഷണം ഊർജിതമാണെന്നും പരിശോധനകൾ ശക്തമാക്കുമെന്നും പയ്യന്നൂർ ഇൻസ്പെക്ടർ എസ്എച്ച്ഒ കെ.വിനോദ് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
ഇന്നലെ നടന്ന പരിശോധനയിൽ പയ്യന്നൂർ ഇൻസ്പെക്ടർ സ്എച്ച്ഒ കെ.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് എസ്.ഐ ടി.വി.ശശിധരൻ, സ്ക്വാഡംഗങ്ങളായ ശിവദാസ്, വിനീഷ്, വിനേഷ്, പയ്യന്നൂർ എസ്.ഐ നിജേഷ്, കെഎപി സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഡോഗ് സ്ക്വാഡിലെ താരാ എന്ന പോലീസ് നായയും തെരച്ചിലിൽ പങ്കെടുത്തു.
മാസങ്ങൾക്കു മുമ്പ് മൊട്ടക്കുന്നിനു സമീപത്തെ നാവിക അക്കാദമി വളപ്പിൽ നിന്നും ബോംബ് നിർമാണ സാമഗ്രികളും പുതിയ വാളുകളും കണ്ടെത്തിയിരുന്നു. നാവിക അക്കാദമി അധികൃതരിൽ തന്നെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അത്. എന്നാൽ ഇതേ തുടർന്നുള്ള അന്വേഷണം എങ്ങുമെത്തിയില്ല.