സ്വന്തം ലേഖകൻ
കണ്ണൂർ: സർക്കാർ കരാറുകാരുടെ സംഘടനയിൽ പിളർപ്പ്. കണ്ണൂർ ആസ്ഥാനമായി ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ (ജിസിഎ) എന്ന പുതിയ സംഘടന നിലവിൽ വന്നു. കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെജിസിഎ) സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.കെ.രാധാകൃഷ്ണനാണ് പുതിയ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ്. ഇതോടെ ഗവ.കരാർ മേഖലയിൽ നാല് സംഘടനകളായി.
മോൻസ് ജോസഫ് എംഎൽഎ പ്രസിഡന്റായ ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ, വി.കെ.സി.മമ്മദ്കോയ എംഎൽഎ പ്രസിഡന്റായ കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ, വർഗീസ് കണ്ണന്പള്ളി പ്രസിഡന്റായ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ (കെജിസിഎ) എന്നിവയാണ് ഈ മേഖലയിൽ നിലവിലുള്ള സംഘടനകൾ. കെജിസിഎയിലെ ചില അസ്വാരസ്യങ്ങളാണ് പുതിയ സംഘടനയുടെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന് അറിയുന്നു.
എന്നാൽ, കെജിസിഎയിൽ നിന്ന് മാത്രമല്ല മറ്റു സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരും പുതിയ സംഘടനയിലുള്ളതായി സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണനും ജനറൽ സെക്രട്ടറി വി.രജിത്തും പറഞ്ഞു. നിലവിലുള്ള സംഘടനകൾ നിഷ്ക്രിയമായതും കരാറുകാരുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടാത്തതുമാണ് പുതിയ സംഘടന രൂപീകരിക്കുന്നതിലേക്ക് നയിച്ചത്. നിലവിലുള്ള സംഘടനകളുടെ തലപ്പത്തിരിക്കുന്നത് കരാറുകാരല്ല.
അതുകൊണ്ടുതന്നെ കരാറുകാരുടെ പ്രശ്നങ്ങൾ അവർ മനസിലാക്കുന്നില്ല. സ്റ്റാന്പ് ഡ്യൂട്ടി വർധന, ജിഎസ്ടി എന്നീ കാര്യങ്ങളിൽ സംഘടനകൾ വേണ്ടത്ര ഇടപെടലുകൾ നടത്തിയില്ലെന്നും ഭാരവാഹികൾ ആരോപിച്ചു. എന്നാൽ, കണ്ണൂരിലെ ഗവ.കോൺട്രാക്ടേഴ്സ് സൊസൈറ്റി കൈയടക്കുന്നതിന്റെ ഭാഗമായാണ് സംഘടന പിളർത്തിയതെന്ന് കെജിസിഎ കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.രാജൻ ആരോപിച്ചു.
അഞ്ചു വർഷം മുന്പാണ് എം.മുഹമ്മദ്കുഞ്ഞി പ്രസിഡന്റും സി.രാജൻ വൈസ് പ്രസിഡന്റുമായി കെജിസിഎയുടെ നേതൃത്വത്തിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നത്. സംഘടനയുടെ കീഴിൽ സംസ്ഥാനത്തുള്ള ഏക സൊസൈറ്റിയാണിത്. കരാറുകാർക്ക് വായ്പകൾ നൽകുകയായിരുന്നു പ്രധാന ലക്ഷ്യം.
മൂന്നു സ്ത്രീകൾ ഉൾപ്പെടെ 92 പേരായിരുന്നു ആദ്യം സൊസൈറ്റിയിൽ അംഗങ്ങൾ. സ്ത്രീ പ്രാതിനിധ്യത്തിനു വേണ്ടിയാണ് കരാറുകാരുടെ ഭാര്യമാരെ ഉൾപ്പെടുത്തിയത്. എന്നാൽ, 20 ശതമാനം അഭ്യുദയകാംക്ഷികളെ ഉൾപ്പെടുത്താമെന്ന ബൈലോയുടെ മറവിൽ ഒരു വിഭാഗം സ്വന്തക്കാരെ ഉൾപ്പെടുത്തി ഏകപക്ഷീയമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സൊസൈറ്റി പിടിച്ചെടുക്കുകയായിരുന്നുവെന്ന് കെജിസിഎ ഭാരവാഹികൾ ആരോപിക്കുന്നു.
എന്നാൽ, നിലവിള്ള ജില്ലാ നേതൃത്വത്തെ മാറ്റണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും നടപ്പാക്കാത്തതും സംസ്ഥാന നേതൃത്വത്തിന്റെ ഏകാധിപത്യ സ്വഭാവവും പുതിയ സംഘടനയുടെ രൂപീകരണത്തിന് കാരണമായതായും കണ്ണൂർ, വയനാട്, എറണാകുളം, കോട്ടയം ജില്ലകളിൽ കമ്മിറ്റി രൂപീകരിച്ചതായും ജിസിഎ ഭാരവാഹികൾ പറഞ്ഞു. കണ്ണൂർ ജില്ലയിൽ പ്രവർത്തക കൺവൻഷനും നടത്തി.
മറ്റു ജില്ലകളിൽ വരും ദിവസങ്ങളിൽ കൺവൻഷനുകൾ നടക്കും. കണ്ണൂർ ജില്ലയിൽ പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, പയ്യന്നൂർ, തളിപ്പറന്പ്, കണ്ണൂർ, കൂത്തുപറന്പ്, ചക്കരക്കൽ എന്നിവിടങ്ങളിൽ യൂണിറ്റുകളും രൂപീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു. എന്നാൽ, ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷനിൽ സജീവമായ ഒരാൾ മാത്രമേ ജിസിഎയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായി അറിയാൻ കഴിഞ്ഞിട്ടുള്ളുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.കരീം പറഞ്ഞു.