അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഉടനീളം പ്രചരിച്ച ഒരു വീഡിയോയുണ്ട്. ഇരു വൃക്കകളും തകരാറിലായ ഒരു ബാലന് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ച് പറയുന്ന ഒരു വീഡിയോ. പേര് അഭിജിത്ത് എന്നാണെന്നും തന്റെ ഇരു വൃക്കകള്‍ക്കും അസുഖമാണെന്നും മോഹന്‍ലാലിനെ കാണണം എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും നിഷ്കളങ്കമായ പുഞ്ചിരിയോടെ അവന് പറഞ്ഞപ്പോള്‍ പക്ഷേ കേട്ടവരുടെയെല്ലാം കണ്ണ് നിറഞ്ഞുതൂവി.
അഭിജിത്തിന്റെ ആഗ്രഹം കേട്ടവരെല്ലാം അത് സാധിച്ചുകൊടുക്കാനായി തങ്ങളാലാവുന്ന ആ സഹായം ചെയ്തു. പരമാവധി വീഡിയോ ഷെയര്‍ ചെയ്തു. എങ്ങനെയും ഇത് മോഹന്‍ലാല്‍ കാണണമെന്നും അഭിജിത്തിന്റെ ആഗ്രഹം നടക്കണമെന്നുമുള്ള ആഗ്രഹത്തോടെ. ഇപ്പോഴിതാ അത് സംഭവിച്ചിരിക്കുന്നു. മോഹന്‍ലാലും ഈ വീഡിയോ കണ്ടു. സാധിക്കുന്നത്ര വേഗത്തില്‍ അഭിജിത്തിനെ കാണാനെത്തുമെന്ന് അറിയിക്കുകയും ചെയ്തു.
അഭിജിത്തിന്റെ ഇരുവൃക്കകളും തകരാറിലാണ്. ഇതിന്റെ ഭീമമായ ചികിത്സാ ചെലവ് കുടുംബത്തിന് താങ്ങാവുന്നതല്ല. 15 ലക്ഷത്തോളം രൂപയാണ് ഓപറേഷന് പ്രതീക്ഷിക്കുന്നത്. അഭിജിത്തിന്റെ രോഗവും, ഒപ്പം അവന്റെ വലിയ ആഗ്രഹമായ സിനിമാതാരം മോഹന്‍ ലാലിനൊപ്പം ചിത്രമെടുക്കണം എന്നതുമാണ് അച്ഛന്് വിജയ കുമാരന് പിള്ള സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്.
അഭിജിത്തിനെ കാണാന്‍ മോഹന്‍ലാല്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി വിജയകുമാരന്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത മാസം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ കാണാം എന്നാണ് അറിയിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അഭിജിത്തിന്റെ കഥയറിഞ്ഞ ഒരുപാടുപേര് സഹായഹസ്തങ്ങളുമായി വന്നിട്ടുണ്ടെന്നും അഭിജിത്തിന്റെ അച്ഛന് പറയുന്നുണ്ട്.