ഇതിനെ മുപ്പത് യൂറോയ്ക്ക് റോഡ് സൈഡീന്നു പൊക്കിയതാവുമെന്ന് കണ്ടാലറിയാം, കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ച പാര്‍വതി മൈ സ്റ്റോറിയില്‍ പറഞ്ഞത് തിരിച്ചടിയാകുന്നു, സോഷ്യല്‍മീഡിയ വീണ്ടും പാര്‍വതിക്ക് എതിരേ

അടുത്തകാലത്ത് സോഷ്യല്‍മീഡിയയില്‍ ഏറ്റവുമധികം ആക്രമണം നേരിട്ടയാളാണ് പാര്‍വതി. കസബയില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ സ്ത്രീവിരുദ്ധതയെപ്പറ്റി തുറന്നു പറഞ്ഞതാണ് പാര്‍വതിയെ നോട്ടപ്പുള്ളിയാക്കിയത്. അന്നത്തെ കസബ വിമര്‍ശനം പാര്‍വതിക്ക് ഇപ്പോള്‍ തിരിച്ചടിയാകുകയാണ്.

കാരണം മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ പാര്‍വതിയുടെ കഥാപാത്രം നടത്തിയ ഡയലോഗും. എഴുത്തുകാരനായ ലിജീഷാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്. ലിജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-

4 മനുഷ്യര്‍: ഹിമ, രാജന്‍ സക്കറിയ പ്ലസ് രണ്ടാണുങ്ങള്‍, അവരെപ്പറ്റിയാണ്.

ആദ്യം രോഷ്‌നി ദിനകറിന്റെ മൈ സ്റ്റോറിയിലെ ഹിമയെപ്പറ്റി പറയാം. സമയം രാത്രിയാണ്. ജയ്‌ക്കൊപ്പം (പ്രിഥ്വിരാജ്) ഒരു പെണ്‍കുട്ടിയുണ്ട്, അവള്‍ ഫുഡ് കഴിക്കാന്‍ കമ്പനി കൂടിയതാണ്. അവളെക്കുറിച്ച് ഹിമ (പാര്‍വതി) ജയ്യോട് പറയുന്നു, ”ഇതിനെ മുപ്പത് യൂറോയ്ക്ക് റോഡ് സൈഡീന്നു പൊക്കിയതാവുമെന്ന് കണ്ടാലറിയാം”

‘ആണിനൊപ്പം രാത്രി പുറത്തിറങ്ങുന്ന പെണ്ണ് അയാള്‍ വിലകൊടുത്ത് വാങ്ങിയ അഭിസാരികയായിരിക്കുമെന്ന് ചിന്തിക്കുന്ന യുക്തി എന്തപകടം പിടിച്ച യുക്തിയാണ്. പാര്‍വതി അങ്ങനെ പറയരുതായിരുന്നു.

‘ എന്ന് ചിന്തിക്കുന്ന കാഴ്ചക്കാരോട്, ”പാര്‍വതിയല്ലല്ലോ ഹിമയല്ലേ അത് പറഞ്ഞത്, അതവളുടെ യുക്തിയല്ലേ ?” എന്നൊന്നും ചോദിച്ചിട്ടൊരു കാര്യവുമില്ല. അങ്ങനെയൊരു ഡയലോഗ് പറയുന്ന വേഷം പാര്‍വതി സെലക്ട് ചെയ്തത് പോലും തെറ്റായിപ്പോയെന്ന് പറയും ഇക്കൂട്ടര്‍. എനിക്ക് സംശയമില്ല, ജയകൃഷ്ണനല്ല ഹിമയെന്ന ആയിരം ചിറകുള്ള പക്ഷിയാണ് എന്റെ താരം.

സമാനമാണ് നിധിന്‍ രണ്‍ജി പണിക്കര്‍ പരിചയപ്പെടുത്തിയ രാജന്‍ സക്കറിയയുടെ കാര്യവും. വഷളനാണയാള്‍, ഹോട്ടന്‍ ! കസബയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറാണ്, ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ ബെല്‍റ്റില്‍ കയറിപ്പിടിച്ച് ഗര്‍ഭിണിയാക്കുമെന്ന് വീമ്പിളക്കുന്ന തെമ്മാടിപ്പോലീസുകാരന്‍.

മമ്മൂട്ടിയെപ്പോലെ അഭിനയ രംഗത്ത് ദീര്‍ഘകാല അനുഭവമുള്ള ഒരു നടന്‍ ഇത്തരം സംഭാഷണങ്ങള്‍ ഉപയോഗിക്കരുതായിരുന്നുവെന്ന് പറഞ്ഞത് വനിതാ കമ്മീഷനാണ്. മമ്മൂട്ടിയല്ലല്ലോ രാജന്‍ സക്കറിയയല്ലേ അത് പറയുന്നത് ! രാജന്‍ സക്കറിയ എന്ന വഷളനെ, വഷളന്മാരിലെ എക്‌സ്ട്രീമാക്കലല്ലേ മമ്മൂട്ടി എന്ന അഭിനേതാവിന്റെ തൊഴില്‍ എന്ന് ചോദിച്ചാല്‍ വനിതാ കമ്മീഷനെങ്ങനെ മനസിലാവാനാണ്.

രാജന്‍ സക്കറിയ എന്റെ നായകനല്ല. രാജന്‍ സക്കറിയമാര്‍ക്ക് ഗുഡ് ബുക്കൊരുക്കുന്ന സൂത്രപ്പണി സിനിമയിലൂടെ ചെയ്യരുതെന്നും എനിക്കഭിപ്രായമുണ്ട്. കസബയിലെ നായകന്‍ രാജന്‍ സക്കറിയയാണ്, മമ്മൂട്ടിയല്ല എന്ന് പറഞ്ഞുവെന്നേയുള്ളൂ.

ഇനി എസ്.ഹരീഷിന്റെ നായകനിലേക്ക് വരാം. ആറു മാസം മുമ്പ് അയാളുടെ കൂടെ നടക്കാറുണ്ടായിരുന്ന സുഹൃത്തിന് ദിവസോം അമ്പലത്തില്‍ വരുന്ന പെണ്ണുങ്ങളെ നോക്കി നില്‍ക്കുമായിരുന്ന നയനഭോഗിയായ മീശക്കാരന്‍ സുഹൃത്തിന് ”കണ്ടോ, അവളെ കണ്ടാലറിയാം അവള്‍ സെക്‌സിന് റെഡിയാണ്.

” എന്നല്ലാതെ സന്ദര്‍ഭവശാല്‍ മറ്റെന്ത് ഡയലോഗാണ് പറയാന്‍ കഴിയുക. പൂജാരിമാര്‍ക്ക് സുഖമാണ് ആര്‍ത്തവനാളുകളില്‍ അവളെ കാണാതാവുമ്പോള്‍ വിഷയതല്പരനായ പൂജാരിക്ക് സമയം മോശമാണെന്ന് മനസിലാക്കാനെളുപ്പമാണ്, എന്ന് ചിന്തിക്കുന്ന ഒരാളെ കഥകളില്‍ കഥാപാത്രമാക്കരുത് എന്ന വാദം എന്ത് കോത്തായത്തെ വാദമാണ്.

പല തരം മനുഷ്യരുണ്ട് നാട്ടില്‍. അവരുടെയെല്ലാം ജീവിതങ്ങളാണ് കഥകളായും സിനിമകളായുമൊക്കെ ആവിഷ്‌കരിക്കപ്പെടുന്നത്. എപ്പോഴും ചിലര്‍ മാത്രം ചിത്രീകരിക്കപ്പെട്ടാല്‍ പോര. പൊളിറ്റിക്കലി കറക്ടായ മനുഷ്യരെ മാത്രം കഥാപാത്രങ്ങളാക്കി എങ്ങനെയാണ് കഥയെഴുതുക ! മലയാളത്തിലെ ആദ്യത്തെ ചെറുകഥയായ വാസനാവികൃതി പോലും മണിയന്‍ പിള്ള എന്ന കള്ളന്റെ കഥയാണ്.

കള്ളനും കാമവെറിയനും ആണും പെണ്ണും ഒരൊറ്റ ജീവിതം കൊണ്ട് ആണും പെണ്ണുമായി ജീവിക്കാന്‍ ഭാഗ്യം കിട്ടിയവരുമെല്ലാം കഥകളായും സിനിമകളായും ആവിഷ്‌കരിക്കപ്പെടേണ്ടതുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യമെന്നാല്‍, നമുക്കിഷ്ടപ്പെടാത്തവര്‍ക്ക് അവരുടെ ജീവിതം അടയാളപ്പെടുത്താനുള്ള പ്ലാറ്റ്‌ഫോമൊരുക്കല്‍ കൂടിയാണ്.

Related posts