ചാലക്കുടി: പരിയാരം പൂവത്തിങ്കലിൽ കശാപ്പിനുവേണ്ടി കൊണ്ടുവന്ന പോത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തി. ഇന്നുരാവിലെ 7.30നാണ് സംഭവം ഉണ്ടായത്. പോത്തിനെ കശാപ്പുചെയ്യാൻ ശ്രമിച്ചപ്പോൾ കാലുകൾ ബന്ധിച്ചിരുന്ന കയർ പൊട്ടിച്ച് പോത്ത് ഓടുകയായിരുന്നു. റോഡിലൂടെ ഓടിയ പോത്ത് അക്രമണകാരിയായി.
കണ്ണിൽകണ്ടവരെയെല്ലാം ആക്രമിക്കാൻ ശ്രമിച്ചു. റോഡിലൂടെ പോയിരുന്നവർ പോത്തിന്റെ വരവ് കണ്ട് ജീവനുംകൊണ്ട് ഓടിരക്ഷപ്പെട്ടു. ഒരു വീടിന്റെ മതിൽ തകർത്ത് വാഴത്തോട്ടത്തിലേക്ക് കടന്ന് പോത്ത് നിലയുറപ്പിച്ചു. പോത്തിനെ കീഴ്പ്പെടുത്താൻ അടുക്കലേക്ക് എത്താൻ ശ്രമിച്ചവരെ പോത്ത് വിരട്ടിയോടിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ സാഹസികമായിട്ടാണ് പോത്തിനെ കീഴ്പ്പെടുത്തിയത്. ചാലക്കുടി ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വാലന്റെയിൻ, ലീഡിംഗ് ഫയർമാൻ സാബു, ഫയർമാൻമാരായ ഷൈൻ ജോസ്, കൃഷ്ണരാജ്, സെൻകുമാർ, രാജേഷ്, ഡ്രൈവർ ഷിജു എന്നിവരാണ് പോത്തിനെ കീഴ്പ്പെടുത്താനുള്ള ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നത്.