ജയ്പുർ: പശുവിനെ കടത്തിയെന്ന് ആരോപിച്ച് രാജസ്ഥാനിലെ അൽവാറിൽ ഒരാളെ പശുരക്ഷാ ഗുണ്ടകൾ അടിച്ചു കൊന്നു. അക്ബർ ഖാനെന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. രണ്ടു പശുക്കളുമായി പോകുകയായിരുന്ന ഇയാളെ ആൾക്കുട്ടം മർദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇയാളെ മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് െചയ്തതായി വിവരമില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പശുരക്ഷാ ഗുണ്ടകളുടെ ആക്രമണത്തിൽ അൽവാറിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് അക്ബര്‍ ഖാൻ. പശുക്കളുമായി പോവുകയായിരുന്നയാളെ കഴിഞ്ഞ നവംബറിൽ ഗോരക്ഷാ ഗുണ്ടകൾ വെടിവെച്ചുകൊന്നിരുന്നു. ഹരിയാനയിലെ മേവാതിൽ നിന്ന് രാജസ്ഥാനിലെ ഭരത്പൂരിലേക്ക് പശുക്കളുമായി പോവുകയായിരുന്ന ഉമ്മർ മുഹമ്മദായിരുന്നു (42) കൊല്ലപ്പെട്ടത്.
2017 ഏപ്രിലിൽ വാഹനത്തിൽ പശുക്കളെ കൊണ്ടുപോയതിന് പെഹ്ലുഖാനെ ആൾക്കൂട്ടം തല്ലിക്കൊന്നതും അൽവാറിലാണ്. രാജസ്ഥാനിലെ കോട്ടയിൽ ലോറിയിൽ പശുക്കളുമായെത്തിയ രണ്ടു പേരെ പശുരക്ഷാ ഗുണ്ടകൾ കഴിഞ്ഞ ദിവസം കൈയേറ്റം ചെയ്തിരുന്നു. പ്രവീണ്‍ തിവാരി (30) ലോറി ഡ്രൈവർ അഹമ്മദ് അലി (40) എന്നിവരെയാണ് കൈയേറ്റം ചെയ്തത്. ഇവരുടെ പക്കൽനിന്നും പണവും മൊബൈൽ ഫോണുകളും അക്രമി സംഘം പിടിച്ചുവാങ്ങി.
സ്വന്തം ഡയറിഫാമിലേക്കായി മധ്യപ്രദേശിലെ ദേവാസിൽനിന്നും കന്നുകാലികളുമായി എത്തിയതായിരുന്നു പ്രവീണ്‍. ഏഴു പശുക്കളും ആറ് കിടാക്കളുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കോട്ടയിലെ ടോൾ പ്ലാസയിൽ ടോൾ നൽകി മുന്നോട്ടു നീങ്ങുന്പോഴാണ് അക്രമികൾ ലോറിക്കുമുന്നിൽ ചാടിവീണത്. ട്രക്കിൽനിന്ന് പ്രവീണിനെയും അലിയേയും വലിച്ചിറക്കിയ ശേഷം തല്ലുകയായിരുന്നു.
22 വർഷമായി താൻ അന്തർസംസ്ഥാന വാഹനം ഓടിക്കുന്നുവെന്നും മുന്‍പൊരിക്കലും ഇങ്ങനെയൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അഹ്മദ് അലി പറയുന്നു. ആരോ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി. അല്ലായിരുന്നുവെങ്കിൽ അവർ തങ്ങളെ കൊല്ലുമായിരുന്നെന്നും അലി പറഞ്ഞു.