മാനന്തവാടി: വിലപ്പിടിപ്പുള്ള മൊബൈൽ ഫോണ്‍ വാങ്ങികൊടുക്കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ഊട്ടിയിലെ ലോഡ്ജിലെത്തിച്ച രണ്ട് ആദിവാസി പെണ്‍കുട്ടികളിൽ ഒരാളെ പീഡിപ്പിക്കുകയും മറ്റൊരാളെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് സ്വദേശികളായ രണ്ടു പേരാണ് പ്രതികളെന്നു പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എസ്എംഎസ് ഡിവൈഎസ്പി കുബേരൻ നന്പൂതിരിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്.
മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച് മാനന്തവാടി സ്വദേശിനികളായ പതിനേഴും പതിനാലും വയസുള്ള വിദ്യാർഥിനികളെയാണ് പ്രതികൾ കുടുക്കിയത്. ഉൗട്ടിയിലെത്തിച്ചതിൽ പതിനേഴുകാരിയെ പീഡിപ്പിച്ചെന്നും പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് മൊഴി.
പീഡനം, പീഡനശ്രമം, പോക്സോ, എസ്സി-എസ്ടി നിയമം തുടങ്ങിയവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂണ്‍ 24ന് വന്ന മിസ്ഡ്കോ ൾ ആണ് പെണ്‍കുട്ടികളിൽ മുതിർന്നയാൾ പ്രതികളിൽ ഒരാളെ പരിചയപ്പെടുന്നതിനു വഴിയൊരുക്കിയത്. ഇയാൾ പിന്നീട് പതിനാലുകാരിയെ കൂട്ടൂകാരനു പരിയപ്പെടുത്തി.
നിരന്തരം ഫോണ്‍ ചെയ്ത് സൗഹൃദം ഉറപ്പിച്ചശേഷം ജൂലൈ 16ന് കാറുമായി മാനന്തവാടിയിലെത്തിയ യുവാക്കൾ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് ഊട്ടിക്കു കൊണ്ടുപോയത്. പിറ്റേന്നു പെണ്‍കുട്ടികളെ ബത്തേരിയിൽ ഇറക്കിവിട്ട് യുവാക്കൾ കടന്നു.
സംഭവം പുറത്തായതിനെത്തുടർന്നാണ് പോലീസ് പെണ്‍കുട്ടികളുടെ മൊഴിയെടുത്തത്. യുവാക്കൾ വ്യാജ പേരുകളാണ് പെണ്‍കുട്ടികളോട് പറഞ്ഞിരുന്നത്.വിദ്യാർഥിനികളുടെ ഫോണിലേക്കുവന്ന വിളികൾ പരിശോധിച്ചാണ് പ്രതികളെക്കുറിച്ചുള്ള വിവരം പോലീസ് ശേഖരിച്ചത്